എ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ; ഇന്ന് ചുമതലയേല്‍ക്കും

ഇന്നു തന്നെ ചുമതലയേല്‍ക്കാനാണ് പത്മകുമാറിനോടും ശങ്കരദാസിനോടും സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം
എ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ; ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ എംഎല്‍എ എ പത്മകുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡ് അംഗമായി സിപിഐ നേതാവ് കെ പി ശങ്കരദാസും ചുമതലയേല്‍ക്കും. മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാര്‍ നിയമന തീരുമാനം അംഗീകരിച്ച് ഒപ്പിട്ടാലുടന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങും. മണ്ഡലകാലത്തിന് നാളെ തുടക്കമാകുന്ന സാഹചര്യത്തില്‍ ഇന്നു തന്നെ ചുമതലയേല്‍ക്കാനാണ് പത്മകുമാറിനോടും ശങ്കരദാസിനോടും സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

1991 ല്‍ കോന്നിയില്‍ നിന്നുമാണ് പത്മകുമാര്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 1996 ല്‍ കോന്നിയില്‍ നിന്നും, 2001 ല്‍ ആറന്മുളയില്‍ നിന്നും പരാജയപ്പെട്ടു. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്. നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ്. 

സിപിഐ നേതാവായ ശങ്കര്‍ദാസ് തിരുവനന്തപുരം സ്വദേശിയാണ്. എഐടിയുസിയുടെ പ്രമുഖ നേതാവാണ് ശങ്കര്‍ ദാസ്. സിപിഐ നോമിനിയായ കെ രാഘവനാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുള്ള മൂന്നാമത്തെ അംഗം.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി വെട്ടിച്ചുരുക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ചൊവ്വാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ഭരണസമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചത്. പുതിയ തീരുമാനം അനുസരിച്ച് രണ്ടു വര്‍ഷമാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com