ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയില്‍ ; രാജിയില്‍ തീരുമാനം വൈകരുതെന്ന് മന്ത്രി ജി സുധാകരന്‍

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സുധാകരന്റെ നിലപാടിനെ മന്ത്രി മാത്യു ടി തോമസും പിന്തുണച്ചു
ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയില്‍ ; രാജിയില്‍ തീരുമാനം വൈകരുതെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം വൈകരുത്. ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയിലാണ്. തോമസ് ചാണ്ടി വിചാരിച്ചാല്‍ ഒരു മിനുട്ടുകൊണ്ട് അത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സുധാകരന്റെ നിലപാടിനെ ജലവിഭവമന്ത്രി മാത്യു ടി തോമസും പിന്തുണച്ചു. 

തുടര്‍ന്ന് ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ഭൂരിഭാഗം മന്ത്രിമാരും തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന. അതേസമയം ഏതാനും മന്ത്രിമാര്‍ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി.

ഇതേത്തുടര്‍ന്ന് ഉപാധികളോടെ രാജിസന്നദ്ധത തോമസ് ചാണ്ടി അറിയിച്ചു. തല്‍ക്കാലത്തേയ്ക്ക് മാറി നില്‍ക്കാം. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വിധി ഉണ്ടായാല്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചിരുന്നു.രാവിലെ സെക്രട്ടേറിയറ്റിലെത്തിയ നാലു സിപിഐ മന്ത്രിമാരും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മുറിയില്‍ ഒത്തുകൂടി. എന്നാല്‍ മന്ത്രിസഭായോഗം നടക്കുന്ന ക്യാബിനറ്റ് റൂമിലേക്ക് ഇവര്‍ എത്തിയില്ല.  മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന കോടതി വിധിയ്ക്ക് ശേഷവും തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐയുടെ നടപടി. രാജിക്കാര്യത്തില്‍ ഇനിയും കാത്തിരിക്കാനില്ലെന്നാണ് സിപിഐയുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com