കലക്ടറുടെ റിപ്പോര്‍ട്ട് സമ്മര്‍ദത്തെ തുടര്‍ന്ന്; മന്ത്രിസ്ഥാനത്തു മടങ്ങിവരുമെന്ന് തോമസ് ചാണ്ടി

അനുകൂല വിധി ലഭിച്ചാല്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും. അതു സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. 
കലക്ടറുടെ റിപ്പോര്‍ട്ട് സമ്മര്‍ദത്തെ തുടര്‍ന്ന്; മന്ത്രിസ്ഥാനത്തു മടങ്ങിവരുമെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: തനിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞ തോമസ് ചാണ്ടി. തല്ലിക്കൂട്ടിക്കൊടുത്ത റിപ്പോര്‍ട്ടാണ് കലക്ടറുടേത്. റവന്യൂ വകുപ്പിലെ മേലധികാരികളില്‍നിന്ന് സമ്മര്‍ദമുണ്ടായതിനെത്തുടര്‍ന്നാണ് കലക്ടര്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തത്. അതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയന്ന് അറിയില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. 

കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കരിവേലിപ്പാടത്ത് തനിക്ക് ഒരു സെന്റ് ഭൂമി പോലുമില്ല. ആ സര്‍വേ നമ്പറിലുള്ളത് മറ്റൊരാളുടെ പേരിലുള്ള ഭൂമിയാണ്. വ്‌സ്തുതാവിരുദ്ധമായ കാര്യങ്ങള്‍ തിരുത്തുന്നതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതു ചെയ്തതെന്ന് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടി.

ഹര്‍ജി കൊടുത്തപ്പോള്‍ ജോലി എന്തെന്നു വ്യക്തമാക്കുന്നതിന് മന്ത്രിയെന്നാണ് കൊടുത്തത്. ജഡ്ജിക്ക് അതില്‍ എന്തോ അപാകത തോന്നി, അദ്ദേഹം എന്തോ പരാമര്‍ശങ്ങള്‍ നടത്തി. ഹര്‍ജി കൊടുത്തത് കമ്പനി ആയിരുന്നെങ്കില്‍ പരാമര്‍ശം ഉണ്ടാവില്ലായിരുന്നു. രാജിയും ഉണ്ടാവില്ലെന്ന് ആലപ്പുഴയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട തോമസ് ചാണ്ടി വിശദീകരിച്ചു.

ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കാന്‍ നാളെത്തന്നെ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ചെയ്യും. ഹൈക്കോടതിയില്‍നിന്ന് വിധിപ്പകര്‍പ്പുകിട്ടാത്തതുകൊണ്ടാണ് വൈകുന്നത്. അനുകൂല വിധി ലഭിച്ചാല്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും. അതു സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. 

മാറിനില്‍ക്കാന്‍ വിരോധമില്ലെന്ന് മുഖ്യമന്ത്രിയെ അങ്ങോട്ട് അറിയിക്കുകയായിരുന്നു. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഒരു മാസമോ രണ്ടു മാസമോ കൊണ്ട് കേസ് തീരുമെന്നാണ് കരുതുന്നത്. 

വിദേശ ബിസിനസ് വിട്ട് ഇവിടെ വന്നു നില്‍ക്കുന്നത് തനിക്കു നഷ്ടമാണ്. അതിനാല്‍ എകെ ശശീന്ദ്രന് അനുകൂല വിധിയുണ്ടായാല്‍ അദ്ദേഹമായിരിക്കും മന്ത്രിയാവുക. എന്നാല്‍ അതുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കാന്‍ തിരിച്ചുവരും. നഷ്ടം സഹിച്ചും മന്ത്രിസ്ഥാനത്തു തുടരും.

താന്‍ രാജിവയ്ക്കണമെന്ന് മിനിഞ്ഞാന്നു വരെ സിപിഐക്കു നിര്‍ബന്ധമുണ്ടായിരുന്നില്ല. കോടതി പരാമര്‍ശം വന്ന ശേഷം അങ്ങനെയൊരു നിര്‍ബന്ധമുള്ളതായി തോന്നി. അതു മുന്നണി മര്യാദയുടെ ലംഘനമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

കലക്ടറുടെ റിപ്പോര്‍ട്ടിനു പിന്നില്‍ സിഐയുടെ സമ്മര്‍ദമാണോ മറ്റാരെങ്കിലുമാണോയെന്ന് അറിയില്ല. മാര്‍ത്താണ്ഡം കായല്‍ എന്താണെന്നു മനസിലാവാത്തവരാണ് അതിന്റെ പേരില്‍ ബഹളം വയ്ക്കുന്നത്. നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ച പാലക്കാട്ടുകാരന്‍ എംഎല്‍എ അന്ധന്‍ ആനയെക്കണ്ട പോലെയാണെന്ന് തോമസ് ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com