തല്‍ക്കാലം മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി; സുപ്രീംകോടതി അനുകൂലമായി വിധിച്ചാല്‍ തിരിച്ചെടുക്കണം 

തോമസ് ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു
തല്‍ക്കാലം മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി; സുപ്രീംകോടതി അനുകൂലമായി വിധിച്ചാല്‍ തിരിച്ചെടുക്കണം 

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചു. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തോമസ് ചാണ്ടി തല്‍ക്കാലം മാറിനില്‍ക്കാമെന്ന് അറിയിച്ചത്. തനിക്കെതിരായ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ തിരിച്ചെടുക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടതായാണ് സൂചന. അതേസമയം തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു. 

രാവിലെ സെക്രട്ടേറിയറ്റിലെത്തിയ നാലു സിപിഐ മന്ത്രിമാരും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മുറിയില്‍ ഒത്തുകൂടി. എന്നാല്‍ മന്ത്രിസഭായോഗം നടക്കുന്ന ക്യാബിനറ്റ് റൂമിലേക്ക് ഇവര്‍ എത്തിയില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന കോടതി വിധിയ്ക്ക് ശേഷവും തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്താല്‍, തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ തീരുമാനിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. രാജിക്കാര്യത്തില്‍ ഇനിയും കാത്തിരിക്കാനില്ലെന്നാണ് സിപിഐയുടെ നിലപാട്. 

രാവിലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ചാണ്ടി, ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. കോടതിയുടെ വിധി പകര്‍പ്പ് കിട്ടട്ടെ. ഇതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും, സെക്രട്ടേറിയറ്റിലെത്തിയ തോമസ് ചാണ്ടി പറഞ്ഞു. അതേസമയം മന്ത്രിസഭായോഗത്തിനെത്തിയ മുഖ്യമന്ത്രി ഇന്നും വിഷയത്തില്‍ പ്രതികരിച്ചില്ല. 

രാവിലെ എട്ടുമണിയ്ക്കാണ് ക്ലിഫ് ഹൗസില്‍ തോമസ് ചാണ്ടിയും ടിപി പീതാംബരന്‍ മാസ്റ്ററും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയോടും പീതാംബരനോടും നിര്‍ദേശിച്ചതായാണ് സൂചന. ഇക്കാര്യം പാര്‍ട്ടി ദേശീയനേതൃത്വവുമായി ആലോചിക്കണമെന്ന് ടിപി പീതാംബരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com