മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് ദേവസ്വം നിയമനത്തില്‍ സംവരണം ; ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

ദേവസ്വം നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടേയും ഈഴവരുടേയും മറ്റ് പിന്നോക്കവിഭാഗത്തിന്റേയും സംവരണ തോത് ഉയര്‍ത്താനും തീരുമാനിച്ചു
മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് ദേവസ്വം നിയമനത്തില്‍ സംവരണം ; ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

തിരുവനന്തപുരം : മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചത്. അതോടൊപ്പം ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടേയും ഈഴവരുടേയും മറ്റ് പിന്നോക്കവിഭാഗത്തിന്റേയും സംവരണ തോത് ഉയര്‍ത്താനും തീരുമാനിച്ചു. ഈഴവര്‍ക്ക് 14 ശതമാനമാണ് സംവരണം നിലവിലുള്ളത്. അത് 17 ശതമാനമായി വര്‍ധിപ്പിക്കും. 

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള നിലവിലെ പത്ത് ശതമാനം സംവരണം 12 ശതമാനമാക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഈഴവര്‍ ഒഴികെയുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനത്തില്‍ നിന്നും ആറുശതമാനമായി സംവരണം വര്‍ധിപ്പിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത്. ഇതിനാവശ്യമായ ചട്ട ഭേദഗതികള്‍ ഉടനെ തന്നെ കൊണ്ടുവരും. മുന്നോക്ക വിഭാഗത്തിലേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മര്‍ദ്ദം കേന്ദ്രത്തില്‍ സര്‍ക്കാരും എല്‍ഡിഎഫും തുടര്‍ന്നും ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു.  ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസിന് കീഴില്‍ വരുന്ന ഡോക്ടര്‍മാരുടെ പ്രായം 56ല്‍ നിന്നും അറുപതായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. 

ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനു കീഴില്‍വരുന്ന മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം അറുപതില്‍ നിന്നും അറുപത്തിരണ്ടായും വര്‍ധിപ്പിക്കും. ആരോഗ്യമേഖലയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം പലപ്പോഴും പ്രശ്‌നമാകുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ശ്രീനാരായണഗുരുവിന്റെ പ്രതിമ നിയമസഭക്ക് മുന്നില്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് പ്രതിമ സ്ഥാപിക്കുന്നത്.പ്രതിമ സ്ഥാപിക്കുന്നതിന്  അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനേയും സാസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനേയും ചുമതലപ്പെടുത്തി. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികം വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com