കണ്ണൂരുകാര്‍ക്കു പി ജയരാജന്‍ എന്നത് ഒരു നേതാവല്ല ഒരു വികാരമാണ്: ജയരാജന്റെ പുസ്തകം മൊഴി മാറ്റിയ ആളുടെ കുറിപ്പ്

കേരളത്തില്‍ പല നേതാക്കന്മാരും അഴിമതി ആരോപണങ്ങളും ആഡംബര ജീവിതം ജീവിക്കുന്നതിന്റെ പഴി കേള്‍ക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാരന്റെ ലാളിത്യം  മനസ്സിലാകണമെങ്കില്‍ ആ വീട്ടില്‍ ചെന്നാല്‍ മതി
കണ്ണൂരുകാര്‍ക്കു പി ജയരാജന്‍ എന്നത് ഒരു നേതാവല്ല ഒരു വികാരമാണ്: ജയരാജന്റെ പുസ്തകം മൊഴി മാറ്റിയ ആളുടെ കുറിപ്പ്

കൊച്ചി:  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ ജയരാജന് പിന്തുണയുമായി അദ്ദേഹത്തിന്റെ പുസ്തകം മൊഴിമാറ്റിയ ജോമോന്‍ ജോ. പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍  അതിന്റെ കാരണവും ജോമോന്‍ പറയുന്നു. 

ജയരാജന് നേരെയുണ്ടായ സംഘ് പരിവാര്‍ ആക്രമണത്തെ കുറിച്ചു പറയുന്ന സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ വെറും ആറ് പേജിനകത്ത് മാത്രമാണ് ജയരാജന്റെ കഥ പറയുന്നത്. അദ്ദേഹം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോള്‍ ഉറച്ച ഹിന്ദു  മുസ്‌ലിം വിശ്വാസികള്‍ സി പി എമ്മിലോട്ട് വരുന്നെങ്കില്‍ അഥവാ അനുഭാവികളാകുന്നെങ്കില്‍ അത് പാര്‍ട്ടിയേക്കാള്‍ അദ്ധേഹത്തിന്റെ തന്നെ വ്യക്തിത്വം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ പല നേതാക്കന്മാരും അഴിമതി ആരോപണങ്ങളും ആഡംബര ജീവിതം ജീവിക്കുന്നതിന്റെ പഴി കേള്‍ക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാരന്റെ ലാളിത്യം എന്താണെന്ന് മനസ്സിലാകണമെങ്കില്‍ കതിരൂര്‍ ഉള്ള ആ വീട്ടില്‍ ചെന്നാല്‍ മതി. പാര്‍ട്ടിക്കകത്ത് കാണാന്‍ എംപ്ലോയ്‌മെന്റ് ആവശ്യമില്ലാത്ത നേതാക്കള്‍ പ്രിയങ്കരരാവുന്നത് സ്വാഭാവികമാണ്. ഒറ്റക്കയ്യന്‍ എന്ന് പറഞ്ഞു കളിയാക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക പാലിയേറ്റിവ് കെയറില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് നഷ്ടപ്പെട്ട കയ്യുടെ വിലയും വേദനയും അറിയാവുന്നവന്റെ പ്രോത്സാഹനം കൊണ്ടാണ്. എത്രവേണേലും ആക്രമിച്ചോളൂ ... ആക്രമണങ്ങളേല്‍ക്കുന്നവന്റെ പര്യായമാണല്ലോ പി ജയരാജന്‍.പുരയ്ക്കു ചാഞ്ഞാല്‍ മുറിക്കണമെങ്കില്‍ മുറിഞ്ഞു വീഴുന്നത് ചതുപ്പിലേക്കായിരിക്കില്ല ഒന്നിനും വേണ്ടിയല്ലാതെ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരുപാട് പേരുടെ മനസ്സിലേക്കായിരിക്കും. കാരണം കണ്ണൂരുകാര്‍ക്കു പി ജയരാജന്‍ എന്നത് ഒരു നേതാവല്ല ഒരു വികാരമാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സ. പി ജയരാജനെ വിമര്‍ശിച്ചു വിമര്ശിച്ചില്ല എന്നൊരു തര്‍ക്കമാണല്ലോ നടക്കുന്നത്. പാര്‍ട്ടിക്കധീതനായി വളര്‍ന്നു എന്നതാണോ കുറ്റം. എങ്കില്‍ എനിക്കും ചെറുതായൊരു കാര്യം പറയാനുണ്ട്. 
എട്ടു വര്‍ഷമായി അദ്ദേഹത്തെ അറിയാം. മൂന്നു വര്‍ഷത്തോളം അദ്ദേഹത്തെ അടുത്ത് നിന്ന് കണ്ടിട്ടുള്ള ആളുമാണ് ഞാന്‍.
അദ്ദേഹത്തിന്റെ 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം' എന്ന പുസ്തകത്തില്‍ തന്നെ തുടങ്ങാം. സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഞാനാണ്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് പ്രതിപാദിച്ചാണ് പുസ്തകം തുടങ്ങുന്നത് പക്ഷെ ആറു പേജിനകത്തു പി ജയരാജന്‍ എന്ന വ്യക്തിയുടെ കഥ തീരുകയും പിന്നീട് വരുന്ന 98 % സംഘ പരിവാര്‍ സംഘടനകള്‍ കേരളത്തില്‍ ഉണ്ടാക്കിയ ആക്രമണങ്ങളുടെ വസ്തു നിഷ്ഠമായ ചരിത്ര പഠനത്തിലേക്ക് ആ പുസ്തകം പോകുന്നു. ആരോ എഴുതിക്കൊടുത്ത ആ ആറു പേജ് മതി പി ജയരാജന്‍ എന്ന കമ്മൂണിസ്റ്റുകാരന്.
പ്രീ ഡിഗ്രി വരെ പഠിച്ച ഒരാള്‍ക്ക് ഒരു പുസ്തകം എഴുതാന്‍ പറ്റുമോ???
അതും തള്ളവിരല്‍ ഇല്ലാത്ത കയ്യുടെ ചൂണ്ടു വിരലിനും നടു വിരലിനു മിടയില്‍ പേന തിരുകി??? 
അതെ സാധിക്കും പക്ഷെ എല്ലാവര്ക്കും സാധിക്കില്ല.
അദ്ദേഹത്തിന് വേണ്ടി കുറെയേറെ ലേഖനങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ആശയങ്ങളെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്തു തരും കേട്ട് എഴുതിക്കോളണം. ആ ഒരു അനുഭവം കുറെയേറെ എഴുതി തെളിയാന്‍ സഹായിച്ചിട്ടുണ്ട്. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയം ഉള്‍ക്കൊള്ളിക്കുക അതായിരുന്നു രീതി.
ആര്‍ത്തിയോട് പുസ്തകം വായിക്കുന്ന ഒരാളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ , അത് സഖാവാണ്. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ പ്രമാണ രേഖ കളും മാര്‍പ്പാപ്പ മാരുടെ ചാക്രിക ലേഖനങ്ങളും ആഴത്തില്‍ വായിച്ചിട്ടുള്ള എത്ര കത്തോലിക്കാരുണ്ടെന്നറിയില്ല പക്ഷെ മൂലധനവും മാനിഫെസ്‌റ്റോയും പോലെ അദ്ദേഹത്തിന് അത് സുപരിചിതമാണെന്നു ഈ പുസ്തകങ്ങളെല്ലാം അദ്ദേഹത്തിന് വേണ്ടി പാങ്ങോട് സെന്റ് ജോസഫ് പ്രസ്സില്‍ നിന്ന് വാങ്ങി കൊടുത്ത എനിക്കറിയാം. അദ്ദേഹം പറഞ്ഞപ്പോഴാണ് L'Osservatore Romano എന്ന മാഗസിന്‍ പറ്റി ഒരു മുന്‍ കത്തോലിക്കാ വൈദീക വിദ്യാര്‍ത്ഥി കൂടിയായിരുന്ന ഞാന്‍ തന്നെ കേള്‍ക്കുന്നത്.
അദ്ദേഹം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോള്‍ ഉറച്ച ഹിന്ദു  മുസ്‌ലിം വിശ്വാസികള്‍ സി പി എമ്മി ലോട്ട് വരുന്നെങ്കില്‍ അഥവാ അനുഭാവികളാകുന്നെങ്കില്‍ അത് പാര്‍ട്ടിയേക്കാള്‍ അദ്ധേഹത്തിന്റെ തന്നെ വ്യക്തിത്വം കൊണ്ടാണ്.
അതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മ്മ വരുന്നത് എന്റെ വിവാഹം തന്നെയാണ് അദ്ദേഹം MLA ആയിരിക്കുമ്പോഴാണ് അത്. 3 മണിക്കൂറോളം നീളുന്ന പള്ളിയിലെ പരിപാടികളില്‍ മുഴുവന്‍ സമയവും അദ്ദേഹവും കുടുംബങ്ങളും ഉണ്ടായിരുന്നു. എല്ലാവരും വിചാരിച്ചതു എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നു പക്ഷെ എനിക്കറിയാമായിരുന്നു അത് ഒരു മതത്തിന്റെ വിവാഹ ചടങ്ങു അതി സൂക്ഷ്മം മനസിലാക്കുവാന്‍ വേണ്ടിയാണെന്ന്. പിന്നീട് പലപ്പോഴും അതെ കുറിച്ച് സംസാരിച്ചപ്പോള്‍ അത് വ്യക്തവുമായി.
പാറായി കാവിലെ തെയ്യം തുള്ളല്‍ മണിക്കൂറുകളോളം ആസ്വദിക്കുന്ന അതെ മനസ്സോടെ മോഹന്‍ലാലിന്റെ സിനിമകളും സെമി ക്ലാസിക്കല്‍ ഗാനങ്ങളും ക്രിസ്ത്യാനിയുടെ വിവാഹവും മുസ്ലീമിന്റെ ബിരിയാണിയും ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ ആസ്വദിക്കാന്‍ അദ്ദേഹത്തിന് പറ്റും.
കേരളത്തില്‍ പല നേതാക്കന്മാരും അഴിമതി ആരോപണങ്ങളും ആഡംബര ജീവിതം ജീവിക്കുന്നതിന്റെ പഴി കേള്‍ക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാരന്റെ ലാളിത്യം എന്താണെന്ന് മനസ്സിലാകണമെങ്കില്‍ കതിരൂര്‍ ഉള്ള ആ വീട്ടില്‍ ചെന്നാല്‍ മതി.
ഒരു കൊതുകു പോലും ഒന്ന് കടിക്കാന്‍ ഇഷ്ടപ്പെടാത്ത ചിലര്‍ സ് കാറ്റഗറിയും യു കാറ്റഗറിയും ഒക്കെ വേണമെന്ന് വാശിപിടിക്കുമ്പോള്‍ 'ചട്ടമ്പി നാടും', 'ഇവിടം സ്വര്‍ഗ്ഗമാണു' ഒക്കെ കാണാന്‍ എന്റെ ബൈക്കിന്റെ പിറകില്‍ ഇരുന്നു സെക്കന്റ് ഷോ കാണാന്‍ തിരുവനന്തപുരം സിറ്റിയില്‍ കൂടി യാത്ര ചെയ്ത ധൈര്യത്തിന്റെ പര്യായമായ ആ മനുഷ്യനെ കമ്മൂണിസ്റ്റുകാരാണെന്നു തെറ്റ് കൂടാതെ വിളിക്കാന്‍ പാടില്ലേ ?
പാട്യം കമ്പനികളുടെ ജനറല്‍ മാനേജരായി ഞാന്‍ കൂത്തുപറമ്പില്‍ ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എങ്ങനെയാണ് അദ്ദേഹത്തെ ഉള്‍ക്കൊള്ളുന്നതെന്നു നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ അന്തരീക്ഷം എത്ര ചൂടാക്കിയാലും അദ്ധേഹത്തിന്റെ ഒരു ഫോണ്‍ വിളി അല്ലെങ്കില്‍ സാമീപ്യം മാത്രം കൊണ്ട് അത് നേര്‍ത്തതാകുമായിരുന്നു.
കാണാന്‍ അപ്പോയ്ന്റ്‌മെന്റ് ആവശ്യമില്ലാത്ത നേതാക്കള്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് പ്രീയങ്കരര്‍ തന്നെയാകും 'എന്നെ ഒന്ന് കേള്‍ക്കുക' എന്നാണല്ലോ എല്ലാവരുടെയും ആവശ്യം.
സ്വന്തം മക്കള്‍ക്ക് വേണ്ടി ഒരിടത്തുപോലും ശിപാര്‍ശ ചെയ്യാത്ത അദ്ദേഹത്തോട് ഏതെങ്കിലും കാര്യത്തില്‍ ഒരു ശിപാര്‍ശ ആവശ്യപ്പെടാന്‍ തോന്നിയിട്ടില്ല. അദ്ദേഹത്തെ അടുത്തറിയുന്ന ആരും അങ്ങനെ ചെയ്യുകയുമില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഒറ്റക്കയ്യന്‍ എന്ന് പറഞ്ഞു കളിയാക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക പാലിയേറ്റിവ് കെയറില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് നഷ്ടപ്പെട്ട കയ്യുടെ വിലയും വേദനയും അറിയാവുന്നവന്റെ പ്രോത്സാഹനം കൊണ്ടാണ്. എത്രവേണേലും ആക്രമിച്ചോളൂ ... ആക്രമണങ്ങളേല്‍ക്കുന്നവന്റെ പര്യായമാണല്ലോ പി ജയരാജന്‍.
പുരയ്ക്കു ചാഞ്ഞാല്‍ മുറിക്കണമെങ്കില്‍ മുറിഞ്ഞു വീഴുന്നത് ചതുപ്പിലേക്കായിരിക്കില്ല ഒന്നിനും വേണ്ടിയല്ലാതെ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരുപാട് പേരുടെ മനസ്സിലേക്കായിരിക്കും. 
കാരണം കണ്ണൂരുകാര്‍ക്കു പി ജയരാജന്‍ എന്നത് ഒരു നേതാവല്ല ഒരു വികാരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com