എന്‍സിപി ചോദിച്ച നാലുദിവസം വെട്ടി രാജിയിലേക്കെത്തിച്ചത് കോടിയേരിയുടെ കടുത്ത നിലപാട്..? 

യെച്ചൂരി പവാറുമായി ചര്‍ച്ച നടത്തിയെങ്കിലും, രാജിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു പവാര്‍ ആദ്യം സ്വീകരിച്ച നിലപാട്
എന്‍സിപി ചോദിച്ച നാലുദിവസം വെട്ടി രാജിയിലേക്കെത്തിച്ചത് കോടിയേരിയുടെ കടുത്ത നിലപാട്..? 

തിരുവനന്തപുരം : കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും തോമസ് ചാണ്ടിയുടെ രാജിക്കായി എന്‍സിപി സംസ്ഥാന നേതൃത്വം ചോദിച്ചത് നാലുദിവസത്തെ സാവകാശം. തെറ്റു ചെയ്തിട്ടില്ലെന്ന വാദം ഉയര്‍ത്തിയ തോമസ് ചാണ്ടി രാജിവെക്കില്ലെന്നും ആവര്‍ത്തിച്ചു. എന്നാല്‍ കോടതി പരാമര്‍ശം എതിരായ സാഹചര്യത്തില്‍ രാജി അല്ലാതെ മറ്റൊരു സാധ്യതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
എന്‍സിപി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നും, കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പരിപാടിയിലായതിനാല്‍ അദ്ദേഹം തിരിച്ചെത്തി കൂടിയാലോചന നടത്തിയശേഷം തീരുമാനം അറിയിക്കാമെന്നും എന്‍സിപി നേതൃത്വം അറിയിച്ചു. 

തോമസ് ചാണ്ടിയും എന്‍സിപിയും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സിപിഎം സംസ്ഥാന നേതൃത്വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിവരം ധരിപ്പിച്ചു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ യെച്ചൂരിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യെച്ചൂരി പവാറുമായി ചര്‍ച്ച നടത്തിയെങ്കിലും, രാജിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു പവാര്‍ ആദ്യം സ്വീകരിച്ച നിലപാട്. 

എന്നാല്‍ രാജി അനിവാര്യമാണെന്നും, ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ഇടതുമുന്നണിയുടെയും, സര്‍ക്കാരിന്റെയും വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കുമെന്നും യെച്ചൂരി പവാറിനെ അറിയിച്ചു. ഇതോടെ തങ്ങള്‍ക്ക് സാവകാശം വേണമെന്നും, കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയിലാണെന്നും, അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാം. കഴിയുമെങ്കില്‍ താന്‍ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്നും പവാര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ രാജി വൈകിയെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും യെച്ചൂരിയും നിലപാട് കടുപ്പിച്ചു. 

തുടര്‍ന്ന് പ്രഫുല്‍ പട്ടേലും യെച്ചൂരിയുമായി ചര്‍ച്ച നടത്തുകയും, തോമസ് ചാണ്ടിയുടെ രാജിക്ക് അനുമതി കൊടുക്കുകയുമായിരുന്നു. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ കൂടിക്കാഴ്ചയില്‍ തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് കോടതി വിധി കൂടി എതിരായ സാഹചര്യത്തില്‍ രാജിക്ക് തയ്യാറായിക്കോളൂ എന്ന നിര്‍ദേശം തോമസ് ചാണ്ടിക്ക് കോടിയേരി ബാലകൃഷ്ണന്‍ നല്‍കുകയും ചെയ്തിരുന്നു. സ്വയം തീരുമാനിക്കാനും, രാജിക്കുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാനും കോടിയേരി ആവശ്യപ്പെട്ടു. 

എന്നാല്‍ കോടിയേരിയുടെ നിര്‍ദേശം തള്ളിയ തോമസ് ചാണ്ടി രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ന്നു. കോടതി വിധിയിലെ തന്റെ വശങ്ങള്‍ പറഞ്ഞ് ന്യായീകരിക്കാനും തോമസ് ചാണ്ടി ശ്രമിച്ചു. തോമസ് ചാണ്ടി വഴങ്ങില്ലെന്ന് കണ്ടതോടെയാണ് കോടിയേരി യെച്ചൂരിയെ കൂടി പരിഹാരത്തിനായി പ്രശ്‌നത്തില്‍ ഇടപെടുവിച്ചത്. രാവിലെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ അഭിപ്രായം ചോദിച്ചപ്പോള്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മാത്രമാണ് തോമസ് ചാണ്ടി രാജിവെക്കണമെന്ന ശക്തമായ നിലപാട് അറിയിച്ചത്. മന്ത്രി മാത്യു ടി തോമസ് സുധാകരനെ പിന്താങ്ങി. അതേസമയം സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം മന്ത്രിമാരും അഭിപ്രായം പറയാതെ ഇരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com