അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി 

ഭരണ മികവിന് കേരളത്തിന് ലഭിച്ച ഇന്ത്യാ ടുഡേയുടെ ദേശീയ പുരസ്‌കാരം, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി
അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി 

ന്യൂഡല്‍ഹി : അഴിമതി തടയുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്ക് വിധേയരായവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ ഭയപ്പെടുന്നത്. ഇക്കാര്യത്തില്‍ നീതിന്യായ സംവിധാനവും മാധ്യമങ്ങളും ഉയര്‍ന്ന ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ ഇന്ത്യ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണരംഗത്തെ മികവിന് കേരളത്തിന് ലഭിച്ച ഇന്ത്യാ ടുഡേയുടെ ദേശീയ പുരസ്‌കാരം, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി.
 
ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 48 മണിക്കൂര്‍ ചെലവുകുറഞ്ഞ അപകട ചികിത്സാ സൗകര്യം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ പൊലീസ് സംവിധാനത്തെ കുറ്റമറ്റതാക്കും. ഐഎഎസ് മാതൃകയില്‍ ഇന്ത്യന്‍ ടെക്‌നോളജിക്കല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കണം. 

എല്ലാവര്‍ക്കും വിദ്യാഭ്യാസം, വീട്, ആരോഗ്യം, ഭക്ഷണം, ആധുനിക വിനിമയസൌകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനൊപ്പം അവസരങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങളും പാര്‍ട്ടിയും സംസ്ഥാനവും ചേരുന്നതാണ് തന്റെ ജീവിതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ്, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി തുടങ്ങിയവരും  പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സംസ്ഥാന ചീഫ്‌സെക്രട്ടറി ഡോ. കെ എം ഏബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍, കേരള ഹൗസ് റസിഡന്റ് കമീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ്‌മേത്ത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com