'രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്?'; അപകടകാരണം അമിതവേഗതയാണെങ്കിലും ചോദ്യം ഇതാണ് 

അപകട കാരണത്തേക്കാള്‍ ചില സദാചാര പൊലീസുകാരുടെ കണ്ണില്‍ തടഞ്ഞത് അപകടത്തിലെ പെണ്‍ സാന്നിധ്യമാണ്
'രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്?'; അപകടകാരണം അമിതവേഗതയാണെങ്കിലും ചോദ്യം ഇതാണ് 

ന്നലെ രാത്രി തിരുവനന്തപുരത്ത് കവടിയാറിലുണ്ടായ വാഹനാപകടം ഒരാളുടെ ജീവനാണ് എടുത്തത്. അമിത വേഗതയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമായത്. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളും സഞ്ചരിച്ചിരുന്ന സ്‌കോഡ കാറാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന യുവാവാണ് മരിച്ചത്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വാഹനത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അപകട കാരണത്തേക്കാള്‍ ചില സദാചാര പൊലീസുകാരുടെ കണ്ണില്‍ തടഞ്ഞത് അപകടത്തിലെ പെണ്‍ സാന്നിധ്യമാണ്. വാഹനങ്ങളുടെ മത്സരയോട്ടത്തിന് പേരുകേട്ട വെള്ളയമ്പലം- കവടിയാര്‍ റോഡിലായിരുന്നു അപകടമുണ്ടായത്. ഇത്തരത്തില്‍ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സാധാരണ സംഭവമായിക്കൊണ്ടിരിക്കുമ്പോഴാണ് കാതലായ പ്രശ്‌നങ്ങളെ ഒഴിവാക്കിക്കൊണ്ട് സ്ത്രീകളുടെ രാത്രിയാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. 

അപകടം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അപകടകരമായ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള ഫേയ്‌സ്ബുക് പോസ്റ്റുകളില്‍ പോലും വലിയ ശബ്ദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് സദാചാര പൊലീസുകളുടെ ചോദ്യങ്ങളാണ്. രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തുവെന്നാണ് അവരുടെ പ്രധാന ചോദ്യം. കുട്ടികളുടെ വളര്‍ത്തുദോഷത്തെക്കുറിച്ച് വിവരിക്കാനും ഇത്തരക്കാര്‍ മറക്കുന്നില്ല. മാധ്യമപ്രവര്‍ത്തകനായ ടി.സി. രാജേഷിന്റെ പോസ്റ്റിന് താഴെയുള്ള എഴുത്തുകാരനായ ശ്രീകണ്ഠന്‍ ഇരിക്കകത്തിന്റെ കമന്റുകള്‍ ഇത്തരത്തിലുള്ളതാണ്. 

മത്സരയോട്ടം നടത്തുന്ന കാറില്‍ പെണ്‍കുട്ടികള്‍ എന്തിന് യാത്ര ചെയ്‌തെന്നു ചോദിക്കുന്നതിനൊപ്പം താന്‍ സദാചാര പൊലീസ് ചമയുകയല്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പിന്നീടുള്ള മറുപടികളില്‍ അദ്ദേഹത്തിനുള്ളിലെ സദാചാര വാദി ഉണരുന്നത് വ്യക്തമാണ്. പെണ്‍കുട്ടികളുടെ യാത്രയല്ല ഇവിടത്തെ വിഷയം എന്ന് പറഞ്ഞപ്പോള്‍ 'ജനിപ്പിച്ച തന്തയും, തള്ളയും ചോദിക്കേണ്ടതാണ്. കുറഞ്ഞ പക്ഷം നാട്ടുകാരെങ്കിലും. അതുമല്ലെങ്കില്‍ ഈ രാജ്യത്തെ നിയമ വ്യവസ്ഥ. അത്രയും കഴിഞ്ഞാണ് എന്റെ എളിയ സംശയം' ഇതായിരുന്നു മറുപടി. 

അപടമുണ്ടാക്കിയ കാരണങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ സ്ത്രീകളെ 'നേര്‍വഴിക്ക് നടത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. തന്റെ വീട്ടിലുള്ള സ്ത്രീകളെ ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുമുണ്ട്. അപ്പോള്‍ വീട്ടിലെ ആണുങ്ങളെ ഇത്തരത്തില്‍ വാഹനം ഓടിക്കാന്‍ വിടുമോ എന്ന മറു ചോദ്യത്തിന് 'ഇനി തര്‍ക്കം വേണ്ട. വിധിയെ ആര്‍ക്കും തടയാനാകില്ല. നാളെ പുതിയ കാറുമായി ഇറങ്ങിക്കോ' എന്നാണ് അദ്ദേഹം പറഞ്ഞത്. 

അമിത വേഗതയും മത്സരയോട്ടവും ഈ മേഖലയില്‍ പ്രധാന പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇതിലൊന്നും പ്രാധാന്യം കൊടുക്കാതെയുള്ള എഴുത്തുകാരന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com