കോടികളുടെ അച്ചടിയന്ത്രം വങ്ങാന്‍ സര്‍ക്കാര്‍ അറിയാതെ ചര്‍ച്ച; തച്ചങ്കരിയെ കെബിപിഎസില്‍നിന്നു നീക്കി

സര്‍ക്കാര്‍ അറിയാതെ കോടികള്‍ വിലവരുന്ന അച്ചടിയന്ത്രം വാങ്ങാന്‍ ചര്‍ച്ചകള്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റം
കോടികളുടെ അച്ചടിയന്ത്രം വങ്ങാന്‍ സര്‍ക്കാര്‍ അറിയാതെ ചര്‍ച്ച; തച്ചങ്കരിയെ കെബിപിഎസില്‍നിന്നു നീക്കി

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി മേധാവി സ്ഥാനത്തുനിന്ന് നീക്കി. സര്‍ക്കാര്‍ അറിയാതെ കോടികള്‍ വിലവരുന്ന അച്ചടിയന്ത്രം വാങ്ങാന്‍ ചര്‍ച്ചകള്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റം. കെബിപിഎസിന്റെ പുതിയ സിഎംഡിയായി കെ കാര്‍ത്തിക്കിനെ നിയമിച്ചു. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് കാര്‍ത്തിക്.

അടുത്തിടെ ജര്‍മനിയില്‍ ഇന്റര്‍നാഷനല്‍ എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തിയ തച്ചങ്കരി ഒരു നിര്‍മാണ കമ്പനിയുമായി അച്ചടി യന്ത്രം വാങ്ങുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായാണ് ആക്ഷേപം. കോടികള്‍ വിലവരുന്ന അച്ചടി യന്ത്രം ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സര്‍ക്കാരിനെ അറിയിക്കാതെ തച്ചങ്കരി കോടികളുടെ ഇടപാടു നടത്താന്‍ നീക്കം നടത്തുന്നതായ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ട് സിഎംഡി സ്ഥാനത്തുനിന്നു നീക്കിയത് എന്നാണ് സൂചന. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് തച്ചങ്കരിക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.

അതേസമയം തന്റെ അഭ്യര്‍ഥന മാനിച്ചാണ് സ്ഥാനമാറ്റം എന്നാണ് തച്ചങ്കരി പ്രതികരിച്ചത്. അഞ്ചര വര്‍ഷമായി കെബിപിഎസ് സിഎംഡി സ്ഥാനം വഹിക്കുന്നു. അധിക ചുമതല എന്ന നിലയിലാണ് ഇതു വഹിച്ചുവന്നത്. പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ചുമതല ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് തച്ചങ്കരി പറഞ്ഞു. കെബിപിഎസിലെ ചുമതല ഒഴിഞ്ഞതോടെ ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനം മാത്രമാണ് തച്ചങ്കരി വഹിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com