ഗെയില്‍  പദ്ധതി : സിപിഎമ്മില്‍ ഭിന്നാഭിപ്രായം; സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍

വ്യവസായ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ സിപിഎം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മാത്രമാണ് സമ്മേളനങ്ങളില്‍ ഉയരുന്നതെന്നാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്
ഗെയില്‍  പദ്ധതി : സിപിഎമ്മില്‍ ഭിന്നാഭിപ്രായം; സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍

കോഴിക്കോട് :  ഗെയില്‍  പദ്ധതി സംബന്ധിച്ച് സിപിഎമ്മില്‍ ഭിന്നാഭിപ്രായം. സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് സിപിഎം സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മുക്കം സൗത്ത്, ഉണ്ണിക്കുളം, അരീക്കോട്, കാവന്നൂര്‍, കാരശേരി സൗത്ത്, ഓമശേരി തുടങ്ങിയ ലോക്കല്‍  സമ്മേളനങ്ങളിലാണ് പദ്ധതി നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കിയത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോരെന്നും, ജനവാസ മേഖലകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ അലൈന്‍മെന്റ് പൂര്‍ണമായും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഓമശേരി ലോക്കല്‍ സമ്മേളനം പ്രമേയം പാസാക്കിയത്. സിപിഎം ഭരിക്കുന്ന കാരശേരി പഞ്ചായത്ത് നേരത്തെ ഗെയില്‍ പദ്ധതി നടത്തിപ്പിനെതിരെ മൂന്നു വട്ടം പ്രമേയം പാസാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയെ എതിര്‍ത്തിരുന്ന പ്രാദേശിക സിപിഎം നേതൃത്വം സമരത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. 


സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സമ്മേളന വേദികളിലും ഉയരുന്നത് സിപിഎമ്മിനെ വെട്ടിലാക്കുന്നു. പ്രാദേശിക ജനവികാരം കണ്ടില്ലെന്ന് നടിക്കാനാകാത്ത അവസ്ഥയിലാണ് ജില്ലയിലെ സിപിഎം നേതൃത്വം. വ്യവസായ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ സിപിഎം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മാത്രമാണ് സമ്മേളനങ്ങളില്‍ ഉയരുന്നതെന്നാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. വസ്തുവകകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക കൊണ്ടാണ് മുക്കത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരവുമായി സഹകരിക്കുന്നതെന്നും നേതൃത്വം വിലയിരുത്തുന്നു. 

അതിനിടെ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കണ്‍വെന്‍ഷന്‍ ചേരും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ് യോഗം ചേരുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com