ഗെയില്‍ പദ്ധതി : റവന്യൂ വകുപ്പിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍ ; സമവായത്തിന് കര്‍മസേനയുമായി പൊലീസ്

പദ്ധതിക്കെതിരായ സമരം തണുപ്പിക്കുക ലക്ഷ്യമിട്ട് 40 അംഗ കര്‍മ്മസേനയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്
ഗെയില്‍ പദ്ധതി : റവന്യൂ വകുപ്പിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍ ; സമവായത്തിന് കര്‍മസേനയുമായി പൊലീസ്

കോഴിക്കോട് :  ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭം തണുപ്പിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍. ഗെയിലിനും സമരക്കാര്‍ക്കും ഇടയില്‍ സമവായം ഉണ്ടാക്കുക, പദ്ധതിക്കെതിരായ സമരം തണുപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊലീസ് പ്രത്യേക കര്‍മ്മസേന രൂപീകരിച്ചു. 40 അംഗ കര്‍മ്മസേനയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പൊലീസിന്റെ ഉന്നത തല യോഗമാണ് കര്‍മ്മ സേനയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. 


20 അംഗങ്ങള്‍ വീതമുള്ള രണ്ട് സംഘമായാകും സേന പ്രവര്‍ത്തിക്കുക. ഗെയിലിനും സമരക്കാര്‍ക്കും ഇടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. പദ്ധതി നിലവില്‍ വരുന്നതുകൊണ്ടുള്ള ഗുണങ്ങല്‍ സമരരംഗത്തുള്ളവരെ പറഞ്ഞു മനസ്സിലാക്കുക, വസ്തുവകകള്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കുന്നതിന് ഗെയിലുമായുള്ള ചര്‍ച്ചയ്ക്ക് സാഹചര്യം സുഗമമാക്കുക തുടങ്ങിയവയാണ് കര്‍മ്മ സേനയുടെ ദൗത്യങ്ങള്‍. കോഴിക്കോടും മുക്കത്ത് ഇരഞ്ഞിമാവിലും സംഘം പ്രവര്‍ത്തിക്കും. സമരം തണുപ്പിക്കാന്‍ റവന്യൂ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതീയ നീക്കവുമായി രംഗത്തെത്തിയത്. 

അതേസമയം ഗെയില്‍ പദ്ധതിക്കെതിരെ സമരം നടത്തിയ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സമരക്കാരുടെ നിലപാട്. അതിനിടെ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ് യോഗം ചേരുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.  

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോരെന്നും, ജനവാസ മേഖലകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മിന്റെ കോഴിക്കോട് ജില്ലയിലെ വിവിധ ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. മുക്കം സൗത്ത്, ഉണ്ണിക്കുളം, അരീക്കോട്, കാവന്നൂര്‍, കാരശേരി സൗത്ത്, ഓമശേരി തുടങ്ങിയ ലോക്കല്‍  സമ്മേളനങ്ങളിലാണ് പദ്ധതി നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com