ഇസ്മായിലിനെതിരെ കാനം പിടിമുറുക്കുന്നോ? വിവാദ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം 

കാനം രാജേന്ദ്രന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന നേതാവണ് കെ.ഇ ഇസ്മായില്‍
ഇസ്മായിലിനെതിരെ കാനം പിടിമുറുക്കുന്നോ? വിവാദ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം 

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമായി തുരടരവേ സിപിഐയിലും ഭിന്ന കൂടുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വം. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇസ്മായിലിനെതിരെ നടപടിയെടുക്കാന്‍ ദേശീയ നേതൃത്വത്തിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇസ്മായില്‍ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗമായതിനാല്‍ സംസ്ഥാന തലത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ല. അടുത്ത ദേശീയ എക്‌സിക്ക്യൂട്ടീവില്‍ വിഷയം ഉന്നയിക്കാനാണ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ നീക്കം.

24,25തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് ദേശീയ എക്‌സിക്ക്യൂട്ടീവ് ചേരുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,പന്ന്യന്‍ രവീന്ദ്രന്‍,ബിനോയ് വിശ്വം എന്നിവരാണ് ഇസ്മായിലിനെക്കൂടാതെ കേരളത്തില്‍ നിന്ന് ദേശീയ എക്‌സിക്ക്യൂട്ടീവില്‍ ഉള്ളത്. മന്ത്രിസഭ ബഹിഷ്‌കരിക്കാനുള്ള സിപിഐ മന്ത്രിമാരുടെ തീരുമാനം താന്‍ അറിഞ്ഞെങ്കിലും നേതൃത്വത്തിലുള്ള മറ്റുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇസ്മായിലിന്റെ പരാമര്‍ശം. ചാണ്ടിയുടെ രാജി വൈകിയില്ലെന്നും മുഖ്യമന്ത്രി സ്വീകരിച്ചത് ശരിയായ നിലപാടാണ് എന്നും ഇസ്മായില്‍ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ രാജി വൈകി എന്നാരോപിച്ച് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാര്‍ട്ടിയെ വെട്ടിലാക്കിയ നിലപാടുമായി ഇസ്മായില്‍ രംഗത്തെത്തിയത്. ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന് ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പാര്‍ട്ടി പ്രതിരോധത്തിലായതോടെ വിശദീകരണവുമായി ഇസ്മായില്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ചാനല്‍ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നുവെന്നായിരുന്നു ഇസ്മായിലിന്റെ വിശദീകരണം. ഇസ്മായിലിന് നാവു പിഴച്ചതാകാമെന്നും പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഇല്ലായെന്നുമായിരുന്നു പന്ന്യന്‍ രവീന്ദ്രന്റേയും അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ വിശദീകരണം. 

വിഷയം തണുത്തെങ്കിലും പിന്നീട് പൊതുയോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. തന്നെയാരും അച്ചടക്കം പഠിപ്പിക്കേണ്ട എന്നായിരുന്നു ഇസ്മായിലിന്റെ പ്രതികരണം. ഇത് കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന പക്ഷത്തിനെ ചൊടിപ്പിച്ചിരുന്നു. 

കാനം രാജേന്ദ്രന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന നേതാവണ് കെ.ഇ ഇസ്മായില്‍. സംസ്ഥാന സമിതില്‍ കാനം രാജേന്ദ്രനാണ് പിന്തുണ. സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയാകാന്‍ കാനവും ഇസ്മായിലും നടത്തിയ മത്സരം അതിരുകടന്നപ്പോഴാണ് പാര്‍ട്ടി പന്ന്യന്‍ രവീന്ദ്രനെ സംസ്ഥാന സെക്രട്ടറിയാക്കിയത്. പന്ന്യന്‍ ഒഴിഞ്ഞപ്പോള്‍ ഇസ്മായിലെ വെട്ടി കാനം സെക്രട്ടറിയായി. അതിന് ശേഷം ഇസ്മായിലിനെ ഒതതുക്കാന്‍ കാനം ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട് എന്നാണ് ഇസ്മായില്‍ പക്ഷക്കാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com