എസ്എന്‍ഡിപി യോഗം സംവരണത്തിന്റെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍: അശോകന്‍ ചരുവില്‍

സ്‌കൂളും ക്ഷേത്രവും തുറന്നു കിട്ടിയതോടെ എസ്എന്‍ഡിപി യോഗം നാവോത്ഥാന പ്രക്രിയയില്‍ നിന്ന് പിന്‍മാറുന്നതായാണ് ചരിത്രത്തില്‍ കാണാനാവുന്നത്
എസ്എന്‍ഡിപി യോഗം സംവരണത്തിന്റെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍: അശോകന്‍ ചരുവില്‍

തൃശൂര്‍: സംവരണം സംരക്ഷിക്കാനെന്ന പേരില്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. രാജ്യത്തു നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയോര്‍ജ്ജം സംഭരിച്ച് പുനര്‍ജന്മം നേടിയ സംഘപരിവാറിന്റെ തോളില്‍ കയ്യിട്ടു നിന്നാണ് അവര്‍ സംവരണത്തിനു വേണ്ടി വാദിക്കുന്നതെന്ന് അശോകന്‍ ചരുവില്‍ കുറ്റപ്പെടുത്തി.

സംവരണത്തിനും സാമൂഹ്യനീതിക്കും വേണ്ടി എസ്എന്‍ഡിപി യോഗം നിലകൊണ്ടതെല്ലാം പഴയ കഥയാണെന്ന് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. മണ്ഡ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലായതോടെ കഥ പാടെ മാറി. പ്രതിനായകന്‍ നായകനായി. സമുദായത്തിലെ ക്രിമിലയര്‍ വിഭാഗമാണ് എന്നും സമുദായ നേതൃത്വത്തില്‍ വരുന്നത്. 'മണ്ഡല്‍' വന്നതോടെ അവര്‍ സംവരണത്തിനു പുറത്തായി. വെള്ളാപ്പളളിക്കും കുടുംബത്തിനും ഇപ്പോള്‍ സംവരണമില്ല. സ്വഭാവികമായും അവര്‍ സംവരണ വിരുദ്ധ ചേരിയിലും അതുവഴി സംഘപരിവാര്‍ സഹയാത്രികരുമായി മാറിയെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു.

പിന്നാക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് ഇപ്പോഴും വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെ സംവരണം ഒരു അവലംബമാണ്. പക്ഷേ സമുദായത്തിലെ അടിസ്ഥാന ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗനേതൃത്വം ഒരിക്കലും മുന്നില്‍ വന്നിട്ടില്ല. ഈഴവ മെമ്മോറിയലും, നിവര്‍ത്തന പ്രക്ഷോഭവും പാവങ്ങള്‍ ചോരയും വിയര്‍പ്പും ചെലവഴിച്ചാണ് വിജയിപ്പിച്ചത്. സ്‌കൂളും ക്ഷേത്രവും തുറന്നു കിട്ടിയതോടെ എസ്എന്‍ഡിപി യോഗം നാവോത്ഥാന പ്രക്രിയയില്‍ നിന്ന് പിന്‍മാറുന്നതായാണ് ചരിത്രത്തില്‍ കാണാനാവുന്നത്. പിന്നെ യോഗ നേതാക്കളെ കാണുന്നത് സര്‍ സിപിയുടെ സേവകരായാണ്. ദളിത്, ഈഴവ പിന്നാക്ക വിഭാഗങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ ഭൂമിക്കും മെച്ചപ്പെട്ട കൂലിക്കും ഉത്തരവാദ ഭരണത്തിനും വേണ്ടി നടത്തിയ ഒരു സമരത്തിലും സമുദായ നേതൃത്വം കൂടെ നിന്നില്ല. മാത്രമല്ല ആലപ്പുഴയിലും മറ്റും ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ മഹാരാജാവിന്റെ കൂടെ നില്‍ക്കുകയാണ് ഉണ്ടായത്.

സംവരണം സംരക്ഷിക്കാന്‍ യോഗ നേതൃത്വം കൂടെ നില്‍ക്കും എന്ന് മഞ്ഞക്കൊടി പിടിച്ചു നിന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് അശോകന്‍ ചരുവില്‍ കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com