ജഡ്ജിയുടെ കാറില്‍ വാഹനം ഉരസിയതിന്റെ പേരില്‍ കുടുംബത്തിന് പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

വൃക്കരോഗിയായ വയോധികനും കൈക്കുഞ്ഞുമുള്‍പ്പെട്ട ആറംഗകുടുംബത്തിന് പൊലീസില്‍ നിന്നു പീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അന്വേഷണ ഉത്തരവിട്ടു.
ജഡ്ജിയുടെ കാറില്‍ വാഹനം ഉരസിയതിന്റെ പേരില്‍ കുടുംബത്തിന് പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ജഡ്ജിയുടെ വാഹനത്തില്‍ കാര്‍ ഉരസിയതിന്റെ പേരില്‍ വൃക്കരോഗിയായ വയോധികനും കൈക്കുഞ്ഞുമുള്‍പ്പെട്ട ആറംഗകുടുംബത്തിന് പൊലീസില്‍ നിന്നു പീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അന്വേഷണ ഉത്തരവിട്ടു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് കമീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസാണ് നിര്‍ദേശം നല്‍കിയത്.

ദേശീയപാതയില്‍ കാറിടിച്ചതിന്റെ പേരില്‍ കുടുംബത്തിനു എറണാകുളം, തൃശൂര്‍ ജില്ലകളിലെ മൂന്നു പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നായി പീഡനമേല്‍ക്കേണ്ടി വന്നെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തികച്ചും നിരപരാധികളായ യാത്രക്കാരെ പീഡിപ്പിച്ചത് നിയമപരമല്ലെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. സമൂഹത്തോടും ജനങ്ങളോടുമുള്ള തങ്ങളുടെ കടമകളെ കുറിച്ച് കേരള പൊലീസ് ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ പോലും പൊലീസ് ഓര്‍ത്തില്ലെന്നും കമീഷന്‍ നിരീക്ഷിച്ചു.

'തങ്ങളുടെതല്ലാത്ത കുറ്റത്തിനാണ് രോഗിയും കൈകുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബം രണ്ട് ജില്ലകളിലെ മൂന്നു പൊലീസ് സ്‌റ്റേഷനുകളിലായി ദുരിതം അനുഭവിച്ചത്. കാര്‍ െ്രെഡവര്‍ കുറ്റം ചെയ്‌തെങ്കില്‍ തന്നെ കുടുംബത്തെ സ്‌റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.' കമ്മീഷന്‍ പറഞ്ഞു.

കേസ് ഡിസംബറില്‍ ആലുവയില്‍ നടക്കുന്ന കമീഷന്‍ സിറ്റിങില്‍ പരിഗണിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും കമ്മീഷന്‍ അന്വേഷമ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച പാലക്കാട് വടക്കാഞ്ചേരിയില്‍നിന്ന് കൊച്ചിയിലേക്ക് യാത്രപോയ കുടുംബത്തിനായിരുന്നു പൊലീസില്‍ നിന്നു ദുരനുഭവം നേരിടേണ്ടി വന്നത്. ദേശീയപാതയില്‍ കൊരട്ടി ചിറങ്ങരയില്‍വെച്ച് ഇടതുവശത്തുകൂടി മറികടന്ന ജഡ്ജിയുടെ കാര്‍ കുടുംബം സഞ്ചരിച്ച കാറില്‍ തട്ടിയതിനെത്തുര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഒരേ ദിശയിലായിരുന്നു ഇരു കാറുകളും. ജഡ്ജിയുടെ കാര്‍ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുകയും തന്റെ കാറിന്റെ ഇടതുവശത്തെ കണ്ണാടിയില്‍ തട്ടുകയും ചെയ്‌തെന്നാണു കാറോടിച്ച നിധിന്റെ ആരോപണം. ജഡ്ജിയുടെ കാര്‍ നിര്‍ത്താതെ പോയെങ്കിലും തൊട്ടടുത്തു ചിറങ്ങരയില്‍ ട്രാഫിക് സിഗ്‌നലില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് റോഡില്‍ വെച്ച് തര്‍ക്കം നടന്നപ്പോള്‍ ജഡ്ജി പിന്‍സീറ്റില്‍ ഇരുന്നതല്ലാതെ പുറത്തിറങ്ങിയില്ല. ഹൈവേ പൊലീസ് വന്നിട്ടു തര്‍ക്കം തീര്‍ക്കാം എന്നു നിധിന്‍ പറഞ്ഞപ്പോള്‍ പൊലീസിനെയോ പട്ടാളത്തെയോ വിളിച്ചോളു എന്ന് വെല്ലുവിളിച്ചാണ് ജഡ്ജിയുടെ ഡ്രൈവര്‍ സ്ഥലം വിട്ടത്.

പിന്നീട് ആലുവയില്‍ വെച്ച് കുടുംബം സഞ്ചരിച്ച കാര്‍ ആലുവ ട്രാഫിക് പൊലീസ് തടഞ്ഞ് പീഡനം തുടങ്ങുകയായിരുന്നു. ടുടര്‍ന്ന് ചാലക്കുടി, കൊരട്ടി, ആലുവ പൊലീസ് സ്‌റ്റേഷനുകളിലേക്ക് തങ്ങളെ മാറിമാറിപ്പറഞ്ഞയച്ചെന്നും ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ ഒരു പകല്‍ മുഴുവന്‍ മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. പിന്നീട് പെറ്റിക്കേസ് പോലുമില്ലാതെ കുടുംബത്തെ വിട്ടയക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com