ഇസ്മായിലിനെതിരെ സിപിഐയില്‍ അച്ചടക്ക നടപടി; എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കി

സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇസ്മായിലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പാര്‍ട്ടി വിലയിരുത്തി
ഇസ്മായിലിനെതിരെ സിപിഐയില്‍ അച്ചടക്ക നടപടി; എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിവാദത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച  ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായിലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐ. സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനം. കൂടുതല്‍ നടപടികള്‍ കൈകൊള്ളാന്‍ ദേശീയ നേതൃത്വത്തിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. നിലില്‍ കാനത്തിനും പന്ന്യന്‍ രവീന്ദ്രനുമൊപ്പം എല്‍ഡിഎഫില്‍ സിപിഐ പ്രതിനിധിയാണ് ഇസ്മായില്‍.

സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇസ്മായിലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പാര്‍ട്ടി വിലയിരുത്തി. ഇസ്മായിലിനെ ന്യായീകരിച്ച് സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഒരുനേതാവും രംഗത്ത് വന്നില്ല. 

മന്ത്രിസഭയോഗം ബഹിഷ്‌കരിക്കാനുള്ള സിപിഐ മന്ത്രിമാരുടെ തീരുമാനം താന്‍ അറിഞ്ഞെങ്കിലും നേതൃത്വത്തിലുള്ള മറ്റുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇസ്മായിലിന്റെ പരാമര്‍ശം. ചാണ്ടിയുടെ രാജി വൈകിയില്ലെന്നും മുഖ്യമന്ത്രി സ്വീകരിച്ചത് ശരിയായ നിലപാടാണ് എന്നും ഇസ്മായില്‍ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ രാജി വൈകി എന്നാരോപിച്ച് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാര്‍ട്ടിയെ വെട്ടിലാക്കിയ നിലപാടുമായി ഇസ്മായില്‍ രംഗത്തെത്തിയത്. ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന് ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാര്‍ട്ടി പ്രതിരോധത്തിലായതോടെ വിശദീകരണവുമായി ഇസ്മായില്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ചാനല്‍ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നുവെന്നായിരുന്നു ഇസ്മായിലിന്റെ വിശദീകരണം.ഇസ്മായിലിന്റെ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com