നിര്‍ബന്ധിച്ച് പ്രതികരണം വാങ്ങുന്നതെന്തിന്? മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി

നിര്‍ബന്ധിച്ച് പ്രതികരണം വാങ്ങുന്നതെന്തിന്? മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയറ്റില്‍ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടില്ല

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പ്രതികരണം വാങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു തുടരേണ്ടതുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ ഒരു കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ പ്രയാസപ്പെട്ടാണ് സുരക്ഷാ ജീവനക്കാര്‍ അകത്ത് എത്തിച്ചത്. എന്തൊരു ബഹളമായിരുന്നു അന്ന്. സംഘര്‍ഷ സ്ഥിതി പോലെയായിരുന്നു കാര്യങ്ങള്‍. എന്തിനാണ് ഇങ്ങനെ ഇടിച്ചുകയറി ഫോട്ടെടുക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വേണ്ടതുണ്ടോയെന്ന് ഓഫിസില്‍നിന്ന് ചോദിച്ചിരുന്നു. അതിന്റെ കാര്യമില്ലെന്നാണ് താന്‍ മറുപടി നല്‍കിയത്. അല്ലാതെ മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയറ്റില്‍ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടില്ല. അത്തരം ഒരു നടപടി സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കില്‍ അതു പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന് പുറത്തൊന്നും കാണാത്ത രീതിയാണ് ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്നത്. നിര്‍ബന്ധിച്ച് പ്രതികരണം വാങ്ങുന്ന രീതിയാണ്. എന്തെങ്കിലും പറയാനുള്ളവര്‍ പറയുമല്ലോ? പറയാനില്ലാത്തവരെ തടഞ്ഞുവയ്ക്കുന്ന രിതീ നല്ലതാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന രീതിയിലല്ല ഇതു പറയുന്നത്. ഇത് സ്വയം ചിന്തിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മൈക്ക് തന്റെ ശരീരത്തു തട്ടുന്ന സ്ഥിതിയുണ്ടായി. ആശുപത്രിയിലും മറ്റും പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പോലും പാലിക്കുന്നില്ല. 

ഏതെങ്കിലും സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ല. തനിക്കു ഭീഷണി പണ്ടേ ഉള്ളതാണ്. അതിന്റെപ പേരില്‍ പോകേണ്ട ഇടങ്ങളിലൊന്നും താന്‍ പോകാതിരുന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com