ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നതില്‍ തടസ്സമില്ലെന്ന് മുഖ്യമന്ത്രി ; പാര്‍ട്ടി തീരുമാനിക്കുമെന്ന് ശശീന്ദ്രന്‍

ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് താനൊറ്റയ്ക്ക് തീരുമാനം എടുക്കാനാവില്ല. ഗതാഗത വകുപ്പിന്റെ ചുമതല ഉടന്‍ ഒഴിയാനാകുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി
ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നതില്‍ തടസ്സമില്ലെന്ന് മുഖ്യമന്ത്രി ; പാര്‍ട്ടി തീരുമാനിക്കുമെന്ന് ശശീന്ദ്രന്‍

തിരുവനന്തപുരം : എ കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ശശീന്ദ്രന്‍ കുറ്റക്കാരനല്ല. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചാനലിനാണ്. ചാനല്‍ പ്രക്ഷേപണം ചെയ്ത ശബ്ദ സംഭാഷണം ശശീന്ദ്രന്റേതാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് താനൊറ്റയ്ക്ക് തീരുമാനം എടുക്കാനാവില്ല. അത് ആലോചിക്കേണ്ടവര്‍ ആലോചിച്ച് തീരുമാനം എടുക്കണം. 

ഇപ്പോള്‍ തന്നെ നിരവധി വകുപ്പുകളുടെ ജോലി ഭാരമുണ്ട്. അതിനൊപ്പമാണ് ഗതാഗത വകുപ്പും വന്നുചേര്‍ന്നത്. വകുപ്പിന്റെ ചുമതല ഉടന്‍ ഒഴിയാനാകുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം മുഖ്യമന്ത്രി തന്ന പിന്തുണയില്‍ നന്ദിയുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. വീണ്ടും മന്ത്രിയാകുന്നതില്‍ ധാര്‍മ്മികമായി തെറ്റില്ല. ഗൂഢാലോചനയില്‍ ആരെയും സംശയമില്ല. പാര്‍ട്ടിയ്ക്ക് മുന്നില്‍ തന്റെ നിലപാട് വിശദീകരിക്കും.
ഇക്കാര്യത്തില്‍ പാര്‍ട്ടിയും മുന്നണിയുമാകും അന്തിമ തീരുമാനമെടുക്കുകയെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കിയാല്‍ ഉടന്‍ തന്നെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ആവശ്യപ്പെടാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com