ഹാദിയയുടെ മൊഴി: അശോകന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി

കേസുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും 27ന് ഹാദിയയെ ഹാജരാക്കുമ്പോള്‍ പരിഗണിക്കുമെന്ന് കോടതി
ഹാദിയയുടെ മൊഴി: അശോകന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: മതം മാറി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്ന കേസില്‍ ഹാദിയ എന്ന അഖിലയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും 27ന് ഹാദിയയെ ഹാജരാക്കുമ്പോള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 

വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ഹാദിതയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്‍ നല്‍കിയ കേസാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. നിര്‍ബന്ധിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന അശോകന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസില്‍ ഇരുപത്തിയേഴിന് ഹാദിയയെ നേരിട്ടു ഹാജരാക്കണമമെന്ന് സുപ്രിം കോടതി നേരത്തെ അശോകന് നിര്‍ദേശം നല്‍കിയിരുന്നു.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍കേള്‍ക്കണമെന്ന് നേരത്തെ അശോകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. ഹാദിയയുടെ മൊഴി തുറന്ന കോടതി മുറിയില്‍ തന്നെ കേള്‍ക്കുമെന്ന് ബെഞ്ച് വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അപേക്ഷയുമായി അശോകന്‍ കോടതിയെ സമീപിച്ചത്.

ഹാദിയയെ മതം മാറ്റിയ മഞ്ചേരിയിലെ സത്യസരണി ഭാരവാഹികളെയും വിവാഹം നടത്തിക്കൊടുത്ത പോപ്പുലര്‍ ഫ്രണ്ട് വനിതാ ഭാരവാഹി സൈനബയെയും വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനബയെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം വീണ്ടും ചോദ്യംചെയ്തിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന നിലപാടില്‍ സൈനബ ഉറച്ചുനിന്നതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com