'25 ഡോളര്‍ തന്ന് അമേരിക്ക എന്നെ പറ്റിച്ചു'; രസകരമായ യാത്ര അനുഭവം പങ്കുവെച്ച് വെങ്കയ്യ നായിഡു

അമേരിക്കന്‍ വിമാനകമ്പനി 25 ഡോളര്‍ നല്‍കി പറ്റിച്ച യാത്രാ അനുഭവമാണ് നായിഡു പങ്കുവെച്ചത്
'25 ഡോളര്‍ തന്ന് അമേരിക്ക എന്നെ പറ്റിച്ചു'; രസകരമായ യാത്ര അനുഭവം പങ്കുവെച്ച് വെങ്കയ്യ നായിഡു

കൊച്ചി: ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തിലാണ് വെങ്കയ്യ നായിഡു. സരസമായ സംഭാഷണത്തിലൂടെ കേള്‍വിക്കാരെ കൈയിലെടുക്കുന്ന അദ്ദേഹത്തിന്റെ പതിവ് ശൈലിക്ക് ഇത്തവണം മാറ്റം ഉണ്ടായില്ല. അമേരിക്കയുടെ പറ്റിക്കലിന്റെ കഥ പറഞ്ഞാണ് അദ്ദേഹം കൊച്ചിക്കാരെ കൈയിലെടുത്തത്. അമേരിക്കന്‍ വിമാനകമ്പനി 25 ഡോളര്‍ നല്‍കി പറ്റിച്ച യാത്രാ അനുഭവമാണ് നായിഡു പങ്കുവെച്ചത്. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രസകരമായ സംഭവം വിവരിച്ചത്. 

1991 ലെ 10 ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിടെയായിരുന്നു സംഭവം. ഉപരാഷ്ട്രപതിയുടെ ആദ്യ അമേരിക്കന്‍ യാത്രയായിരുന്നു അത്. ആറ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം നാല് ദിവസം അമേരിക്ക ചുറ്റിക്കാണാനായിരുന്നു പദ്ധതി. ഇതിനായി ലോസ് അഞ്ചലീസിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് താന്‍ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതായി അറിഞ്ഞത്. അടുത്ത വിമാനത്തില്‍ അയക്കാമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് വിമാന ജീവനക്കാരി ഭക്ഷണചെലവിനായി ഏഴ് ഡോളറിന്റെ കൂപ്പണം അദ്ദേഹത്തിന്റെ കൈയില്‍ വെച്ചുകൊടുത്തു. 

അടുത്ത വിമാനം വന്നപ്പോള്‍ അദ്ദേഹത്തെ അതില്‍ കയറ്റി. അദ്ദേഹത്തിന് അനുവദിച്ചിരുന്ന സീറ്റില്‍ മിസ്റ്റര്‍ നായിഡു എന്ന് എഴുതിയ കത്തും ഇരിപ്പുണ്ടായിരുന്നു. അസൗകര്യത്തിന് ക്ഷമ ചോദിച്ചുകൊണ്ടുള്ള വിമാനകമ്പനി എംഡിയുടെ കത്തായിരുന്നു അത്. ബുദ്ധിമുട്ടിച്ചതിന് പ്രായശ്ചിത്തമായി 25 ഡോളറിന്റെ ചെക്കും കത്തിനൊപ്പമുണ്ടായിരുന്നു. വിമാനം വൈകിച്ചെങ്കിലും വിമാനകമ്പനിയോട് അദ്ദേഹത്തിന് മതിപ്പുതോന്നി. 

അമേരിക്കയും അമേരിക്കന്‍ വിമാനകമ്പനികളും വലിയ സംഭവമാണെന്ന ചിന്തയിലാണ് ലോസ് അഞ്ചലസില്‍ തന്നെ കാത്തു നിന്നുരുന്ന സുഹൃത്തിന്റെ അടുത്ത എത്തിയത്. കമ്പനിയുടെ ഉദാരമനസിനെക്കുറിച്ച് കൂട്ടുകാരനോട് പറഞ്ഞപ്പോഴാണ് അതിന് പിന്നിലെ കൗശലം വ്യക്തമായത്. വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കിയതിന് കേസ് കൊടുത്താല്‍ 10,000 ഡോളര്‍ വരെ നഷ്ട പരിഹാരം നല്‍കേണ്ടതായി വരും. ഇത് ഒഴിവാക്കാനാണ് 25 ഡോളര്‍ കൊടുത്ത് അമേരിക്കന്‍ കമ്പനി അദ്ദേഹത്തെ ഒതുക്കിയത്. അമേരിക്കന്‍ കമ്പനികളുടെ കൗശലത്തേക്കുറിച്ചും ഇന്ത്യയില്‍ വിമാന സര്‍വീസ് രംഗത്ത് നിയമങ്ങള്‍ കര്‍ക്കശമാക്കേണ്ടതിനെക്കുറിച്ചും പറയുന്നതിനായാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com