ഈഴവര്‍ക്ക് മൂന്ന് ശതമാനം സംവരണം അധികം ലഭിക്കുമ്പോള്‍ വെള്ളാപ്പള്ളി എന്തിനാണ് എതിര്‍ക്കുന്നത്: കോടിയേരി

സംവരണം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇത് എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ നിലപാടല്ല 
ഈഴവര്‍ക്ക് മൂന്ന് ശതമാനം സംവരണം അധികം ലഭിക്കുമ്പോള്‍ വെള്ളാപ്പള്ളി എന്തിനാണ് എതിര്‍ക്കുന്നത്: കോടിയേരി

ആലപ്പുഴ: ദേവസ്വം ബോര്‍ഡില്‍ ഈഴവസമുദായത്തിന് മൂന്ന് ശതമാനം സംവരണം അധികം ലഭിക്കുമ്പോള്‍ എന്തിനാണ് വെള്ളാപ്പള്ളി എല്‍ഡിഎഫ് സംവരണ നയത്തെ എതിര്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണ്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിലവില്‍ 14 ശതമാനാണ് ഈഴവര്‍ക്കുള്ള സംവരണം. ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ സംവരണം നയം നടപ്പാക്കിയതിലൂടെ ഈഴവരുടെ സംവരണം പതിനാലില്‍ നിന്ന് പതിനേഴ് ശതമാനമായി ഉയരുകയാണ് ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

സംവരണം ഇല്ലാത്ത മേഖലയില്‍ അത് കൊണ്ടുവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. പിഎസ്സിവഴിയുള്ള നിയമനം നടപ്പാക്കിയപ്പോള്‍ മുസ്‌ളിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം ആര്‍ക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാല്‍ പൊതുക്വാട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സര്‍ക്കാര്‍ നടപടിയിലൂടെ 17 ശതമാനമായി. എസ്സി, എസ്ടി വിഭാഗത്തിന് 10 ശതമാനമായിരുന്നത് 12 ആയി. മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. നടപടിയില്‍ ഭരണഘടനാ ലംഘനമില്ലെന്നും കോടിയേരി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ല. സര്‍ക്കാരിന്റെ  പണം കൊണ്ടല്ല ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യനീതി നടപ്പിലാക്കണമെന്ന് പറയുന്നവര്‍ ഇതിന്റെ പിന്നില്‍ അണിനിരക്കുകയാണ് വേണ്ടത്. ഇതിന്റെ ഭാഗമായി സമൂഹത്തില്‍ ചിലര്‍ നടത്തുന്ന ചേരിതിരിവില്‍ ആരും പങ്കാളിയാവരുതെന്നും നവോത്ഥാനത്തിന്റെ തുടര്‍ച്ചായായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ മാറ്റം ഉള്‍ക്കൊള്ളാനാണ് തയ്യാറാകേണ്ടത്. 

ദേവസ്വം ബോര്‍ഡില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ സംവരണം സര്‍ക്കാര്‍ ജോലിയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയില്ല. ഇതിന് ഭരണഘടന ഭേദഗതി ചെയ്യണം. അത്തരമൊരു അജണ്ട എല്‍ഡിഎഫിനില്ല. സംവരണ നിലപാടില്‍ ബിജെപിയും യുഡിഎഫും നിലപാടുകള്‍ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com