ശബരിമലയില്‍ പണം സ്വീകരിച്ചുള്ള സ്‌പെഷ്യല്‍ ദര്‍ശനം ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കി

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി ആവശ്യപ്പെടുന്ന സമയത്ത് നിലപാട് അറിയിക്കുമെന്നും പ്രസിഡന്റ്
ശബരിമലയില്‍ പണം സ്വീകരിച്ചുള്ള സ്‌പെഷ്യല്‍ ദര്‍ശനം ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കി

തിരുവനന്തപുരം: ശബരിമലയില്‍ സംഭാവന സ്വീകരിച്ചുകൊണ്ടുള്ള സ്‌പെഷ്യല്‍ ദര്‍ശനം തുടരേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ക്ഷേത്രഭരണം കാര്യക്ഷമമാണോയെന്ന് വിലയിരുത്താന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിക്കാനും തീരുമാനമായി. ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം ശരിയല്ലെന്നും യോഗ തീരുമാനം അറിയിച്ച ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. 

ശബരിമലയിലെ അന്നദാന ഫണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദ പരിശോധന നടത്താനും തീരുമാനമായി. ഇതിനകം സംഭാവന രസീതുകള്‍ കൈപ്പറ്റിയവര്‍ക്ക് മാത്രം  സൗകര്യം നല്‍കാനും അന്നദാനത്തിനുള്ള സംഭാവനകള്‍ ഭക്തരില്‍ നിന്ന് രസീത് വഴി തുടര്‍ന്നും വാങ്ങാനാണ് തീരുമാനം. 

അന്നദാനത്തിനുള്ള ഉത്പ്പന്നങ്ങളും സംബാവനകളും സ്വീകരിക്കാന്‍ മറ്റ് ഏജന്‍സികളെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിന് ദേവസ്വം ബോര്‍ഡിന്റെ അന്നദാന അക്കൗണ്ടില്‍ സംഭവാന നിക്ഷേപിച്ചാല്‍ മതി.  ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഇനിമുതല്‍ ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം നല്‍കുന്ന മണ്ഡപത്തില്‍ നിന്ന് മാത്രമേ കഴിക്കുള്ളു. എല്ലാവകുപ്പുകളേയും ബന്ധപ്പെടുത്തിക്കൊണ്ട് ഈ മാസം 24ന് ശബരിമല ശുചീകരണ ദിനമായി ആചരിക്കാനും തീരുമാനിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി ആവശ്യപ്പെടുന്ന സമയത്ത് നിലപാട് അറിയിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. 

നിലവില്‍ ദേവസ്വം വിജിലന്‍സ് ഉണ്ടെങ്കിലും അത് കാര്യക്ഷമമല്ല എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി വിജിലന്‍സ് സ്‌ക്വാഡിന് രൂപംനല്‍കുന്നത്. 

ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം നടപ്പാക്കുകതന്നെ ചെയ്യും. ദേവസ്വം ബോര്‍ഡിന്റെ ഭൂമി പലയിടങ്ങളിലും അന്യാധീനപ്പെട്ടിട്ടുണ്ട്. അവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടരും. വനംവകുപ്പ് ദേവസ്വം ബോര്‍ഡിനോട് ശത്രുതാ മനോഭാവത്തോടുകൂടി പെരുമാറുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് 63 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 55 ഏക്കര്‍ മാത്രമാണ് ഉള്ളത്. സര്‍വീസിലിരുന്ന മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാനും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com