ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ ദിലീപിന്റെ പേരും; ഏറ്റവും ശക്തമായ തെളിവ് നടിയുടെ മൊഴിയെന്ന് അന്വേഷണ സംഘം

ആക്രമിക്കപ്പെട്ടതിനു ശേഷം നടി ആദ്യം പൊലീസിനു നല്‍കിയ മൊഴിയില്‍ ദിലീപിന്റെ പേരു പരാമര്‍ശിച്ചിരുന്നില്ല. ദിലീപിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരെല്ലാം പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഇക്കാര്യമായിരുന്നു
ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ ദിലീപിന്റെ പേരും; ഏറ്റവും ശക്തമായ തെളിവ് നടിയുടെ മൊഴിയെന്ന് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗത്തിനു ക്വട്ടേഷന്‍ നല്‍കിയ കേസില്‍ നടന്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം. ചോദ്യം ചെയ്ത ഘട്ടങ്ങളിലെല്ലാം നടി ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ ഏറ്റവും ശക്തമായ തെളിവ് ഇരയായ നടിയുടെ മൊഴിയാണെന്ന് അന്വേഷണ സംഘം പറയുന്നു.

ആക്രമിക്കപ്പെട്ടതിനു ശേഷം നടി ആദ്യം പൊലീസിനു നല്‍കിയ മൊഴിയില്‍ ദിലീപിന്റെ പേരു പരാമര്‍ശിച്ചിരുന്നില്ല. ദിലീപിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരെല്ലാം പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഇക്കാര്യമായിരുന്നു. എന്നാല്‍ പിന്നീടു നടത്തിയ ചോദ്യം ചെയ്യലുകളിലെല്ലാം നടി ശക്തമായ സംശയം ഉന്നയിച്ച് ദിലീപിനു നേര്‍ക്കായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയെയാണ്, പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഒന്നാം സാക്ഷിയായി ചേര്‍ത്തിട്ടുള്ളത്. തനിക്കെതിരെ ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടാവാം എന്നാണ് ഓരോ തവണ ചോദ്യം ചെയ്തപ്പോഴും നടി ആവര്‍ത്തിച്ചത്. വിവാഹ ബന്ധം തകര്‍ത്തതിനു നടിയോടു പ്രതികാരം ചെയ്യുമെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു. ഇക്കാര്യം പലരും തന്നോടു പറഞ്ഞിട്ടുണ്ടെന്ന് നടി വ്യക്താക്കിയതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ദിലീപ് തന്നെയാണെന്ന സംശയമാണ് നടി ഉന്നയിച്ചത്. ആദ്യമൊഴിയില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ആക്രമണം ക്വട്ടേഷന്‍ ആണെന്ന് അതില്‍ പറഞ്ഞിരുന്നു. അതു നിര്‍ണായകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ശക്തമായി നില്‍ക്കുന്നതുകൊണ്ടുതന്നെ ദിലീപിനെതിരായ കേസ് തെളിയിക്കാന്‍ പ്രയാസമൊന്നുമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ലൈംഗിക ആക്രമണ കേസുകളില്‍ ഇരയുടെ മൊഴി നിര്‍ണായകമാണ്. ഇവിടെ ഓരോ തവണ ചോദ്യം ചെയ്തപ്പോഴും ദിലീപീനെതിരായ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് നടി ചെയ്തത്. അതുകൊണ്ടുതന്നെ ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. 

എങ്കിലും കേസില്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വിചാരണ വേഗത്തിലാക്കാന്‍ അപേക്ഷ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ സാക്ഷികളില്‍ നല്ലൊരു പങ്കും സിനിമാ രംഗത്തുനിന്നുള്ളവരാണ്. പ്രധാന പ്രതികളില്‍ ഒരാളായ ദിലീപ് നടനും സിനിമാ രംഗത്ത് വലിയ സ്വാധീനമുള്ളയാളുമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് വിചാരണ വേഗത്തിലാക്കാന്‍ അപേക്ഷ നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്കു മാറ്റുമെന്നാണ് കരുതുന്നത്. ഇരുപതു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിചാരണ സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com