ജസ്റ്റിസ് ലോയുടെ മരണം ദുരൂഹം ; അന്വേഷണം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്

ആരോപണങ്ങള്‍ അന്വേഷിച്ചില്ലെങ്കില്‍ അത് ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കമാകുമെന്ന് ജസ്റ്റിസ് എ പി ഷാ
amith
amith

ന്യൂഡല്‍ഹി : ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയുടെ മരണം ദുരൂഹമെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസോ   പരിശോധിക്കണമെന്നും, അന്വേഷണത്തിന് ഉത്തരവിടുകയും വേണം. ആരോപണങ്ങള്‍ അന്വേഷിച്ചില്ലെങ്കില്‍ അത് ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കമാകുമെന്നും എപി ഷാ ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയ്ക്ക്, അനുകൂല വിധി പുറപ്പെടുവിക്കുന്നതിന് 100 കോടി കോഴ വാഗ്ദാനം ചെയ്തിരുന്നതായാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ബ്രിജ് ഗോപാലിന്റെ സഹോദരി അനുരാധ ബിയാനിയുടെ വെളിപ്പെടുത്തല്‍ ദ കാരവന്‍ മാസികയാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷായാണ് കോഴ വാഗ്ദാനം ചെയ്തിരുന്നതെന്നും അനുരാധ വെളിപ്പെടുത്തിയിരുന്നു. 2014 ഡിസംബര്‍ 30 ന് അകം വിധി പുറപ്പെടുവിക്കണമെന്നും, വിധി അനുകൂലമായിരിക്കണമെന്നും ആയിരുന്നു സമ്മര്‍ദ്ദം. അനുകൂല വിധിയ്ക്കായി സ്ഥലമോ പണമോ ചോദിക്കുന്നത്ര നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തിയിരുന്നതായി ബ്രിജ് ഗോപാലിന്റെ സഹോദരി അനുരാധ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

ബ്രിജ് ഗോപാലിന്റെ കുടുംബാംഗങ്ങളുടെ ആരോപണം അന്വേഷിക്കാതിരുന്നാല്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുമെന്നും ജസ്റ്റിസ് എപി ഷാ പറഞ്ഞു. കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്ന അമിത് ഷായെ ശാസിച്ച ജഡ്ജിയെ സ്ഥലംമാറ്റിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ലോയ വാദം കേള്‍ക്കുന്നത്. 2014 ജൂണില്‍ പ്രത്യേക കോടതി ജഡ്ജിയായ ബ്രിജ് ഗോപാല്‍ ലോയ, ഒക്ടോബര്‍ 31 ന് കേസ് പരിഗണിക്കവെ, അമിത് ഷാ എന്തുകൊണ്ടാണ് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന്  2014 ഡിസംബര്‍ 15 ന് അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഡിസംബര്‍ ഒന്നിന് ജഡ്ജി ബ്രിജ് ഗോപാലിനെ നാഗ്പൂരിലെ വിഐപി ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ജഡ്ജിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ബ്രിജ് ഗോപാലിനെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചതും, ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റ് മോര്‍ട്ടം നടത്തിയതും, മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതും സംശയകരമാണെന്ന് സഹോദരി അനുരാധ പറഞ്ഞു. ജഡ്ജിയുടെ മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ എങ്ങനെ രക്തത്തില്‍ മുങ്ങി, മരണം സ്വാഭാവികമെങ്കില്‍ ബ്രിജ് ഗോപാലിന്റെ മൊബൈള്‍ ഫോണിലെ ഡാറ്റകല്‍ എന്തിന് ഡിലീറ്റ് ചെയ്തു തുടങ്ങിയ സംശയങ്ങളും ജഡ്ജിയുടെ കുടുംബാംഗങ്ങല്‍ ഉന്നയിക്കുന്നു. ജഡ്ജിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ബ്രിജ് ഗോപാലിന്റെ സഹോദരിയും പിതാവ് ഹര്‍കിഷന്‍ ലോയും ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com