മന്ത്രിസഭ ബഹിഷ്‌കരണം : സിപിഐ മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം
മന്ത്രിസഭ ബഹിഷ്‌കരണം : സിപിഐ മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ പ്രതിഷേധിച്ച് മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്ന സിപിഐ മന്ത്രിമാര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി അഷറഫാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. 

ആരോപണ വിധേയനായ തോമസ് ചാണ്ടി ഉടന്‍ രാജിവെക്കണമെന്നും, ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഐ മന്ത്രിമാര്‍ നവംബര്‍ 15 ലെ കാബിനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് വഴി അവര്‍ സത്യപ്രതിജ്ഞയും, ഭരണഘടനാപരമായ ബാധ്യതയും ലംഘിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. 

സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവര്‍ക്ക് പുറമെ, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരും കേസില്‍ എതിര്‍ കക്ഷികളാണ്. സിപിഐ തീരുമാനം അനുസരിച്ചാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കാണിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com