"വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം, വേണ്ടത് അത്തരത്തിലുള്ള ദൃശ്യങ്ങള്‍" ; സുനിയ്ക്ക് ദിലീപിന്റെ നിര്‍ദേശം

പലര്‍ക്കൊപ്പമുള്ള നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു സുനിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്
"വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം, വേണ്ടത് അത്തരത്തിലുള്ള ദൃശ്യങ്ങള്‍" ; സുനിയ്ക്ക് ദിലീപിന്റെ നിര്‍ദേശം

കൊച്ചി : നടിയുടെ വിവാഹം കഴിഞ്ഞാലും തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പകര്‍ത്തേണ്ടതെന്ന് പള്‍സര്‍ സുനിയ്ക്ക് ദിലീപ് നിര്‍ദേശം നല്‍കിയെന്ന് പൊലീസ്.  കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്  പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവാഹം കഴിഞ്ഞാലും അവള്‍ നമ്മുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം. അതിന് കഴിയുന്ന വിധത്തില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനാണ് സുനിയ്ക്ക് ദിലീപ് നല്‍കിയ നിര്‍ദേശം. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ നടിയുടെ വിവാഹ മോതിരം വ്യക്തമായി കാണണമെന്നും നിര്‍ദേശം നല്‍കിയിരുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

പലര്‍ക്കൊപ്പമുള്ള നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു പള്‍സര്‍ സുനിയ്ക്ക് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് സുനി അഞ്ചു തവണ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം നടത്തി.  പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ ഒത്തുവരാതിരുന്നതും, ഷൂട്ടിംഗ് സെറ്റുകളില്‍ നടിയുടെ പിതാവ് കൂടെയുണ്ടായിരുന്നതും ഇവരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. 
 
എന്നാല്‍ 2015 സെപ്റ്റംബര്‍ 24 ന് നടിയുടെ പിതാവ് മരിച്ചതോടെ നീക്കങ്ങള്‍ക്ക് ശക്തി കൂടി. ഇതോടെ ഓപ്പറേഷന്‍ വേഗം നടപ്പാക്കാന്‍ ദിലീപ് സുനിയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. കൂടാതെ നടിയുടെ വിവാഹം ഉറപ്പിച്ചതിനാല്‍, വിവാഹത്തിന് മുമ്പ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് സുനിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 2015 നവംബര്‍ ഒന്നിന് പാലസ് ഹോട്ടലില്‍ കണ്ടു മുട്ടിയ സുനിയോട്, നിന്നെ ഏല്‍പ്പിച്ച കാര്യം എന്താണ് നടപ്പാക്കാത്തതെന്ന് ദിലീപ് ചോദിച്ചു. തുടര്‍ന്ന് കുറ്റകൃത്യം നടപ്പാക്കാനുള്ള മുന്‍കൂര്‍ തുകയായി പതിനായിരം രൂപ അപ്പോള്‍ തന്നെ നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സുനി ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ പിറ്റേന്നും നല്‍കിയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 

ആദ്യം ഗോവയില്‍ വെച്ചാണ് നടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇത് പാളിപ്പോയി. തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച ടെമ്പോ ട്രാവലറിനുളളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചു. വാഹനത്തിനകത്ത് ബലാത്സംഗത്തിനുള്ള 'സൗകര്യം' ഒരുക്കിയിരുന്നുവെന്നും എന്നാല്‍ കൊച്ചിയിലെ തിരക്ക് പിടിച്ച് റോഡില്‍ അതിന് കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. 

ജയിലില്‍ കിടക്കുമ്പോഴും പ്രതികള്‍ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കാവ്യാ മാധവന്റെ സഹോദര ഭാര്യയെപ്പോലും സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് രഹസ്യമാക്കിവെച്ചു. ആദ്യകുറ്റപത്രത്തില്‍ തന്റെ പേരില്ലെന്ന് ബോധ്യപ്പെട്ടശേഷമാണ് ദിലീപ് പ്രതികള്‍ക്കെതിരെ ബ്ലാക്ക് മെയിലിങ് പരാതി നല്‍കിയതെന്നും ഇത് മനപൂര്‍വമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com