കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആക്രമണത്തിനിരയായ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊച്ചിയിലെ അമ്മയുടെ താരനിശയിലാണ് സംഭവം നടന്നത്. നടന്‍ സിദ്ധിഖും സംഭവത്തിന് സാക്ഷിയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
നടന്‍ സിദ്ധിഖും നടിയെ വിളിച്ച് താക്കീത് നല്‍കിയിരുന്നു. കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണ്. ആക്രമണത്തില്‍ ദീലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെട്ടെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
കുറ്റപത്രത്തിനൊപ്പം നല്‍കിയ അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. ആദ്യ കുറ്റപത്രം ലഭിച്ച ശേഷമാണ് നടിയുടെ സഹോദരന്‍ ആക്രമണത്തില്‍ ദിലീപിന്റെ പങ്കാളിത്തത്തെ കുറിച്ച് പൊലീസിനോട് സംശയം പ്രകടിപ്പിക്കുന്നത്. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിച്ചത്. താരനിശയ്ക്കിടെ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് നടി മറ്റുതാരങ്ങളോട് പറഞ്ഞു. കാവ്യ ഇക്കാര്യം ദിലീപിനോട് പറഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതനായ ദിലീപ് നടിയെ വിളിച്ച് രൂക്ഷമായ ഭാഷയില്‍ ശകാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ധിഖ് അടക്കമുള്ള താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ദിലീപിന്റെ ശകാരവും ഭിഷണിയുമെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
നടി കാവ്യ മാധവനുമായുള്ള രഹസ്യബന്ധം ഭാര്യ മഞ്ജു വാര്യരെ അറിയിച്ചത് ആക്രമണത്തിനിരയായ നടിയാണെന്നാണ് ദിലീപിന്റെ വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. നാലു വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതി രണ്ടു തവണ പാളിപ്പോയിരുന്നു. ഇതിന് ശേഷം മൂന്നാം തവണയാണ് ആക്രമണ പദ്ധതി പള്‍സര്‍ സുനിയും സംഘവും നടപ്പാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ