'മതം മാറ്റവും വിവാഹവും സ്വന്തം സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയ' ; എന്‍ഐഎ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

മതം മാറ്റത്തിന് ഏതെങ്കിലും ഏജന്‍സികള്‍ വാഗ്ദാനം നല്‍കുകയോ,  ഇടപെടുകയോ ചെയ്തതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നും എന്‍ഐഎ
'മതം മാറ്റവും വിവാഹവും സ്വന്തം സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയ' ; എന്‍ഐഎ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

കൊച്ചി : ഇസ്ലാം മതം സ്വീകരിച്ചതും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ ദേശീയ അന്വേഷണ ഏജന്‍സിയോട് ഹാദിയ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പ്രമുഖ ദേശീയ ദിനപ്പത്രമായ ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

എന്‍ഐഎ സുപ്രീംകോടതിയില്‍ നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം തീരുമാനപ്രകാരമാണ്. ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടലോ, സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്ന് അഖില എന്ന ഹാദിയ വ്യക്തമാക്കിയതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കാമെന്ന വാഗ്ദാന പ്രകാരമാണ് മതം മാറിയത് എന്ന പ്രചാരണം തെറ്റാണെന്നും ഹാദിയ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

മതം മാറ്റത്തിന് ഏതെങ്കിലും ഏജന്‍സികള്‍ സാമ്പത്തികമായോ മറ്റോ വാഗ്ദാനം നല്‍കുകയോ, ഇടപെടുകയോ ചെയ്തതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മതം മാറ്റം പ്രോല്‍സാഹിപ്പിക്കുകയും സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നതായും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം ഹാദിയയ്ക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ലെന്നാണ് അവരുടെ പിതാവ് കെ എം അശോകന്റെ വാദം. ചില തീവ്രവാദ ഗ്രൂപ്പുകള്‍ ഹാദിയയെ സ്വാധീനിക്കുകയും പ്രലോഭിപ്പിച്ച് മനം മാറ്റുകയായിരുന്നെന്നും അശോകന്‍ ആരോപിക്കുന്നു. മുമ്പ് എന്‍ഐഎ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തില്‍ മതംമാറ്റ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 

ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ ചില ശക്തികളുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു. ഇതിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയാണ് മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്ന് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് നിര്‍ദേശിച്ചത്. എന്‍ഐഎ അന്വേഷണത്തെ ഷഫിന്‍ ജഹാന്‍ എതിര്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com