യുഡിഎഫ് സംഘം കുറിഞ്ഞിയിലേക്ക് ; സെക്രട്ടറിയെ പോലും നിയന്ത്രിക്കാനാകാത്ത റവന്യൂമന്ത്രിയോട് സഹതാപമെന്ന് രമേശ് ചെന്നിത്തല

മന്ത്രിയ്ക്ക് മൂക്കുകയറിടാനാണ് റവന്യൂ സെക്രട്ടറി സ്ഥാനത്ത് പി എച്ച് കുര്യനെ ഇരുത്തിയിട്ടുള്ളത്. മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും കുര്യനെ മാറ്റാത്തതും അതുകൊണ്ടാണ്
യുഡിഎഫ് സംഘം കുറിഞ്ഞിയിലേക്ക് ; സെക്രട്ടറിയെ പോലും നിയന്ത്രിക്കാനാകാത്ത റവന്യൂമന്ത്രിയോട് സഹതാപമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട : കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള നീക്കം കര്‍ഷകരെ സഹായിക്കാനല്ല, മറിച്ച് കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിതല സമിതി രൂപീകരിച്ചത് ഇതിനുവേണ്ടിയാണ്. ഡിസംബര്‍ 6 ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു ഡി എഫ് സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാനാകാത്ത റവന്യൂ മന്ത്രിയോട് സഹതാപം തോന്നുന്നു. ഇങ്ങനെ മന്ത്രിസഭയില്‍ തുടരണമോയെന്ന് ഇ ചന്ദ്രശേഖരന്‍ ആലോചിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

റവന്യൂ മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള യുദ്ധം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ളതാണ്. റവന്യൂമന്ത്രിയ്ക്ക് മൂക്കുകയറിടാനാണ് റവന്യൂ സെക്രട്ടറി സ്ഥാനത്ത് പി എച്ച് കുര്യനെ ഇരുത്തിയിട്ടുള്ളത്. മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും കുര്യനെ മാറ്റാത്തതും അതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞാണ് റവന്യൂ സെക്രട്ടറി പെരുമാറുന്നത്. റവന്യൂമന്ത്രി അറിയാതെ മൂന്നാറില്‍ യോഗം വിളിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 

കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. കിഫ് ബീ ചിട്ടിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് വിശദീകരിക്കണം. മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണ്. ആര്‍എസ്എസിന്റെയും  സംഘപരിവാറിന്റെയും എതിര്‍പ്പാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് കാരണം. ഇത് പ്രതിഷേദാര്‍ഹമാണ്. 

സി.പിഐ ഇല്ലെങ്കിലും ഒന്നുമില്ലെന്ന തെറ്റിദ്ധാരണയാണ് സിപിഎമ്മിനുള്ളത്. ഏതു വിഷയത്തിലും സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നതയാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ദേശീയ തലത്തില്‍ വിശാല സഖ്യം വേണമെന്ന സിപിഐയുടെ നിലപാടിനോട് ദേശീയ തലത്തില്‍ യോജിക്കുന്നു. കേരളത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും, ദേശീയ തലത്തില്‍ മതേതര കൂട്ടായ്മ വേണമെന്നാണ് അഭിപ്രായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com