ഹാദിയയുടെ അഭിപ്രായം കണക്കിലെടുക്കാനാകില്ലെന്ന് എന്‍ഐഎ സുപ്രീംകോടതിയില്‍ 

ആശയം അടിച്ചേല്‍പ്പിക്കപ്പെടലിന് വിധേയമായതിനാല്‍ ഹാദിയയുടെ വിവാഹ സമ്മതം പരിഗണിക്കാനാവില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍
ഹാദിയയുടെ അഭിപ്രായം കണക്കിലെടുക്കാനാകില്ലെന്ന് എന്‍ഐഎ സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി : ഹാദിയയുടെ നിലപാടിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍. ഹാദിയയില്‍ വലിയ തോതില്‍ ആശയങ്ങള്‍
അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ അഭിപ്രായം കണക്കിലെടുക്കാനാകില്ലെന്നാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ആശയം അടിച്ചേല്‍പ്പിക്കപ്പെടലിന് വിധേയമായതിനാല്‍ ഹാദിയയുടെ വിവാഹ സമ്മതം പരിഗണിക്കാനാവില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹാദിയ കേസ് അന്വേഷിച്ച എന്‍ഐഎ കൊച്ചി യൂണിറ്റ് നാല് മുദ്ര വെച്ച കവറുകളിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതില്‍ ഹാദിയ, ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍, ഹാദിയയുടെ അച്ഛന്‍ അശോകന്‍, ഹാദിയയുടെ അമ്മ, സത്യസരണി ഭാരവാഹികള്‍, തുടങ്ങിയവരുടെ മൊഴികള്‍ ഉള്‍പ്പെടുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും ശനിയാഴ്ച ഡല്‍ഹിയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തിയ ഹാദിയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനായി ഷഫിന്‍ ജഹാനും ഡല്‍ഹിയിലെത്തി. രാത്രിയോടെ ഷഫിന്‍ ജഹാന്‍ അഭിഭാഷകന്‍ കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തും. ഹാദിയ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്നും, ഹാദിയയെ തന്നോടെപ്പം വിടണമെന്നും ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യമുന്നയിക്കും. 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത്. കേസില്‍ ഹാജരാകുന്നതിനായി ഹാദിയയുടെ അച്ഛന്‍ അശോകനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com