എനിക്കു സ്വാതന്ത്ര്യം വേണം, സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കണം: ഹാദിയ സുപ്രിം കോടതിയില്‍

തനിക്കു മനുഷ്യനെന്ന പരിഗണന ലഭിക്കണമെന്ന് ഹാദിയ
എനിക്കു സ്വാതന്ത്ര്യം വേണം, സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കണം: ഹാദിയ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: തനിക്കു സ്വാതന്ത്ര്യം വേണമെന്നും സ്വന്തം മതവിശ്വാസം അനുസരിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് തുറന്ന കോടതിയില്‍ ഹാദിയ കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. 

തനിക്കു മനുഷ്യനെന്ന പരിഗണന ലഭിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്ന് ഹാദിയ കോടതിയില്‍ വ്യക്തമാക്കി. പഠനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം വേണ്ട, പഠന ചെലവ് ഭര്‍ത്താവ് വഹിക്കുമെന്ന് ഹാദിയ പറഞ്ഞു. ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് നാളത്തേക്കു മാറ്റി.

ഹാദിയയ്ക്കു പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിം കോടതി തള്ളി. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് അടച്ചിട്ട കോടതി മുറിയില്‍ മകള്‍ക്കു പറയാനുള്ളതു കേള്‍ക്കണമെന്നാണ് അശോകന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഹാദിയയുടെ പിതാവ് അശോകന്‍, ഷെഫിന്‍ ജഹാന്‍ എന്നിവരുടെ വാദങ്ങള്‍ കേട്ട ശേഷമാണ് ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്. ഹാദിയയുടെ വാദം കേള്‍ക്കുന്നതു നാളത്തേക്കു മാറ്റാമെന്ന് ഒരു ഘട്ടത്തില്‍ കോടതി തീരുമാനിച്ചെങ്കിലും ഷെഫിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കോടതി സമയം കഴിഞ്ഞിട്ടും വാദം തുടരുകയായിരുന്നു.

ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് അശോകന്‍ ആരോപിച്ചു. ഷെഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ട്.  ഐഎസ് ഏജന്റുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്ന് അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ധവാന്‍ കോടതിയില്‍ വാദിച്ചു. ഇസ്ലാമിലേക്കുള്ള മതം മാറ്റം ലക്ഷ്യമിട്ട് പല സംഘടനകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്യാം ധവാന്‍ പറഞ്ഞു. ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്നും പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നിജസ്ഥിതി അറിയാന്‍ ജഡ്ജിമാര്‍ ഹാദിയയോടു സംസാരിക്കണമെന്നും അത് അടച്ചിട്ട മുറിയില്‍ വേണമെന്നും ശ്യാംധവാന്‍ ആവശ്യപ്പെട്ടു. സുപ്രിം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയില്‍ എത്തിച്ചത്. 

അതേസമയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ ഹാദിയയ്ക്കു നല്‍കണമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യത്തെയും വര്‍ഗീതയെയും കൂട്ടിക്കലര്‍ത്തരുത്. പ്രായപൂര്‍ത്തിയായ വ്യക്തി എന്ന നിലയില്‍ ഹാദിയ തീരുമാനിക്കട്ടെയെന്ന് കപില്‍ സിബല്‍ വാദിച്ചു. 

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി സ്‌റ്റോക്‌ഹോം സിന്‍ഡ്രോം പരാമര്‍ശിച്ചു. ബന്ദികള്‍ക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണ് സ്‌റ്റോക്‌ഹോം സിന്‍ഡ്രോം. ഇത്തരം അവസരങ്ങളില്‍ വ്യക്തിയുടെ അഭിപ്രായം സ്വന്തമെന്നു പറയാനാവില്ലെന്ന് കോടതി പരാമര്‍ശിച്ചു. ഹാദിയ കേസുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വിശദീകരിച്ചു.

മഞ്ചേരിയിലെ സത്യസരണി ഒട്ടേറെ പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇസ്ലാമിലേക്കു മതംമാറ്റിയതുമായി ബന്ധപ്പെട്ട പതിനൊന്നു കേസുകളില്‍ ഏഴിലും സത്യസരണി കക്ഷിയാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. സത്യസരണി മതംമാറ്റ കേന്ദ്രമാണെന്ന് എന്‍ഐഎ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com