ഹാദിയയുടെ നിലപാട് നിര്‍ണായകം ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

വൈകീട്ട് മൂന്നുമണിയ്ക്കാണ് ഹാദിയ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
ഹാദിയയുടെ നിലപാട് നിര്‍ണായകം ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദുചെയ്ത കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ ഹാദിയ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കും. വൈകീട്ട് മൂന്നുമണിയ്ക്കാണ് ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. 

ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാകും കോടതി ആദ്യം പരിഗണിക്കുക. പിന്നീട് ഷെഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കും. കേസ് അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന് അശോകന്‍ ഇന്നും ആവശ്യം ഉന്നയിച്ചേക്കും. ഇതുസംബന്ധിച്ച ഹര്‍ജി ബുധനാഴ്ച നല്‍കിയെങ്കിലും പരിഗണിച്ചിരുന്നില്ല. ആവശ്യമെങ്കില്‍ തിങ്കഴാഴ്ച പരിഗണിക്കാമെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. ഹാദിയ മാനസിക നില തെറ്റിയ അവസ്ഥയിലാണെന്ന് പിതാവ് അശോകന്‍ കോടതിയെ അറിയിക്കും. കുടുംബാംഗങ്ങളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണ്. മെഡിക്കല്‍ രേഖകളും അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയേക്കും. 

ഹാദിയയില്‍ ആശയങ്ങള്‍ വലിയ തോതില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഹാദിയയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഹാദിയ, ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍, പിതാവ് അശോകന്‍, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴികള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുദ്രവെച്ച നാലു കവറുകളിലായാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. 

അതേസമയം മതം മാറിയതും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ ഡല്‍ഹിയിലേക്ക് പോകാനായി നെടുമ്പാശ്ശേരിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹാദിയ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍, കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടും. ഹൈക്കോടതി വിധി റദ്ദാക്കി ഭര്‍ത്താവായ തന്റെ കൂടെ ഹാദിയയെ വിട്ടയക്കണമെന്നും ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെടും. റിട്ടയേഡ് ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന കോടതി വിധി ലംഘിച്ച്, എന്‍ഐഎ അന്വേഷണവുമായി മുന്നോട്ടുപോയെന്ന ഷെഫിന്‍ ജഹാന്റെ വാദവും കോടതി പരിഗണിക്കും. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹാദിയയുടെ അഭിപ്രായം നേരിട്ട് കേള്‍ക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. അതനുസരിച്ച് ഇന്ന് ഹാദിയയെ ഹാജരാക്കാന്‍ പിതാവ് അശോകന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാകുന്നതിനായി ഹാദിയയും പിതാവ് അശോകനും ശനിയാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നു. ഡല്‍ഹിയില്‍ ഹാദിയയ്ക്ക് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാധ്യമങ്ങള്‍ അടക്കം ആരെയും ഹാദിയയെ കാണാന്‍ അനുവദിക്കുന്നില്ല. കോടതിയില്‍ നേരിട്ട ഹാജരായി ഹാദിയ നല്‍കുന്ന മൊഴി കേസില്‍ നിര്‍ണായകമായിരിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com