ഹാദിയയുടെ മനസു മാറ്റിയത് മനശ്ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച്: എന്‍ഐഎ

ഹാദിയയെ ഇസ്ലാമാക്കി മാറ്റുന്നതിനും മുസ്ലിം യുവാവിനെ വിവാഹം കഴിപ്പിക്കുന്നതിനും ഹിപ്‌നോട്ടിക് കൗണ്‍സലിങ്ങും ന്യൂറോ ലിന്‍ഗ്വിസ്റ്റ് പ്രോഗ്രാമിങ്ങും ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍ഐഎ
ഹാദിയയുടെ മനസു മാറ്റിയത് മനശ്ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച്: എന്‍ഐഎ

ന്യൂഡല്‍ഹി: ഹാദിയയെ ഇസ്ലാമാക്കി മാറ്റുന്നതിനും മുസ്ലിം യുവാവിനെ വിവാഹം കഴിപ്പിക്കുന്നതിനും ഹിപ്‌നോട്ടിക് കൗണ്‍സലിങ്ങും ന്യൂറോ ലിന്‍ഗ്വിസ്റ്റ് പ്രോഗ്രാമിങ്ങും ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍ഐഎ. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്.

തീവ്രവാദ സംഘടനകള്‍ വ്യക്തികളെ വശീകരിക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണ് ഇവയെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നതായാണ് സുചനകള്‍. സ്ത്രീകളെ ഇത്തരത്തില്‍ വശീകരിക്കുന്നതിന് പരിശീലനം ലഭിച്ച ആളുകള്‍ ഇവരുടെ സംഘത്തിലുണ്ട്. കൗണ്‍സിലര്‍മാര്‍ ഇച്ഛിക്കുന്ന വിധത്തില്‍ സംസാരിക്കുന്നതിന് ഇതിന് ഇരയാവുന്നവരെ എത്തിക്കാന്‍ കഴിയുന്നത് ഹിപ്‌നോട്ടിങ് കൗണ്‍സലിങ് എന്ന മനശ്ശാസ്ത്ര സങ്കേതം. ഇരയാവുന്നവരുടെ മാനസിക വ്യാപാരങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ഹിപ്‌നോതെറാപ്പിയാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് എന്നും ഹാദിയയുടെ കാര്യത്തില്‍ ഇതു പ്രയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ഇതു പ്രയോഗിച്ചിട്ടുള്ള കേസുകളുടെ ഉദാഹരണവും വിവിധ ഗവേഷണ ഫലങ്ങളും ഉള്‍പ്പെടെയാണ് എന്‍ഐഎ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുള്ളത്. 

ഹാദിയ ഉള്‍പ്പെടെ ഇസ്ലാമിലേക്കു മാറിയ മൂന്നു പേരുടെ വിവരങ്ങളാണ് ആദ്യ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ഉള്‍പ്പെടുത്തിട്ടുള്ളത്. താന്‍ ഇസ്ലാം ആണെന്നും ഭര്‍ത്താവ് ഷഫീന്‍ ജഹാന് ഒപ്പം പോകാനാണ് താല്‍പ്പര്യമെന്നും ഹാദിയ പരസ്യമായി വ്യക്തമാക്കിയ സ്ഥിതിക്ക് എന്‍ഐഎയുടെ ഈ വാദങ്ങള്‍ കോടതി പരിഗണനയ്ക്ക് എടുക്കുമോയെന്നത് കേസില്‍ പ്രധാനമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com