വഴിയേ പോവുന്നവര്‍ക്കൊന്നും ഹാദിയയെ കാണാനാവില്ല: അശോകന്‍

ഷെഫിന്‍ ജഹാന്റെ വാദമൊന്നും കോടതി അംഗീകരിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ രക്ഷകര്‍ത്താവായി ഷെഫിന്‍ ജഹാനെ നിയോഗിക്കുമായിരുന്നില്ലേയെന്ന് അശോകന്‍
വഴിയേ പോവുന്നവര്‍ക്കൊന്നും ഹാദിയയെ കാണാനാവില്ല: അശോകന്‍

ന്യൂഡല്‍ഹി: വഴിയേ പോവുന്നവര്‍ക്കൊന്നും മകളെ കാണാനാവില്ലെന്ന്, മതം മാറി വിവാഹം കഴിച്ച അഖില ഹാദിയയുടെ പിതാവ് അശോകന്‍. സുപ്രിം കോടതിയുടെ പുതിയ ഉത്തരവു പ്രകാരം, മകളെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് കാണാനാവുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അശോകന്‍.

സേലത്തെ മെഡിക്കല്‍ കോളജില്‍ മകള്‍ക്കു വേണ്ടപ്പെട്ടവര്‍ക്കാണ് കാണാനാവുക. വഴിയേ പോവുന്നവര്‍ക്കൊന്നും സന്ദര്‍ശിക്കാനാവില്ല. ഷെഫിന്‍ ജഹാന്റെ വാദമൊന്നും കോടതി അംഗീകരിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ രക്ഷകര്‍ത്താവായി ഷെഫിന്‍ ജഹാനെ നിയോഗിക്കുമായിരുന്നില്ലേയെന്ന് അശോകന്‍ ചോദിച്ചു. 

ഹാദിയ വീട്ടുതടങ്കലില്‍ ആയിരുന്നില്ല. പുറത്തുപോവാന്‍ പറഞ്ഞപ്പോഴെല്ലാം നിഷേധിച്ചത് മകള്‍ തന്നെയായിരുന്നു. സുപ്രിം കോടതി വിധി ഇതുവരെ തന്റെ വിജയമാണ്. അതുകൊണ്ടുതന്നെ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അശോകന്‍ പ്രതകരിച്ചു. തമിഴ്‌നാട്ടില്‍ മകളുടെ സുരക്ഷയില്‍ ആശങ്കയില്ല. സുപ്രിം കോടതി മേല്‍നോട്ടമുള്ളതിനാല്‍ ഇത്തരം ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് അശോകന്‍ പറഞ്ഞു. 

മകളുടെ പഠനം മുടങ്ങിയല്ലോ എന്ന വിഷമം തനിക്കുണ്ടായിരുന്നു. ഇപ്പോള്‍ കോടതി തന്നെ അതു പരിഹരിച്ചുതന്നിരിക്കുന്നു. അതില്‍ സന്തോഷമുണ്ടെന്ന് അശോകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com