സുപ്രീംകോടതിയില്‍ ഹാദിയയെ പിന്തുണച്ച് വനിത കമ്മീഷന്‍; എന്‍ഐഎ വാദങ്ങളെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍

സുപ്രീംകോടതിയില്‍ ഹാദിയയെ പിന്തുണച്ച് വനിത കമ്മീഷന്‍; എന്‍ഐഎ വാദങ്ങളെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍

ഹാദിയയെ ഇന്ന് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക് കൊണ്ടുപോകും

ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക് കൊണ്ടുപോകും. പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണെന്ന സുപ്രീംകോടതി ഉത്തരവ് കണക്കിലെടുത്താണ് സേലത്തേക്ക് പോകുന്നത്. ഏതുവഴിയാണ് സേലത്തേക്ക് കൊണ്ടുപോകുന്നത് എന്ന കാര്യത്തില്‍ തീരുമാനമായില്ല. 

താന്‍ പഠിച്ച സേലം ശിവരാജ് മെഡിക്കല്‍ കോളജില്‍ തുടര്‍ പഠനത്തിനും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരണത്തിനുമായി പോകണമെന്ന് ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു. ഹാദിയയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന സുപ്രീകോടതി നിര്‍ദേശം കോളജ് ഡീന്‍ ഏറ്റെടുത്തു. 

കഴിഞ്ഞ ദിവസം വാദം കേള്‍ക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യം വേണമെന്നും പഠനം തുടരണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു. പഠനത്തിന്റെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതില്ലെന്നും ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ വഹിച്ചുകൊള്ളുമെന്നും ഹാദിയ പറഞ്ഞിരുന്നു. 

ഹാദിയയെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് തടയാന്‍ ശ്രമിച്ച അശോകന്റെയും എന്‍ഐഎയുടെയും അഭിഭാഷകരുടെ വാദത്തെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഹാദിയയെ കേള്‍ക്കുന്നതിന് മുന്‍പ് ഷെഫിന്‍ ജെഹാനെതിരെ ഹാജരാക്കിയ രേഖകള്‍ പരിശോധിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. അതേസമയം ഹാദിയയെ കേള്‍ക്കണമെന്ന ശക്തമായ നിലപാടാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അഭിഭാഷകന്‍ സ്വീകരിച്ചത്.

എന്‍ഐഎയും അശോകന്റെ അഭിഭാഷകനും സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നതിന് മുന്‍പ് ഹാദിയയെ കേള്‍ക്കണമോ എന്ന കാര്യത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന വാദമാണ് സുപ്രീംകോടതിയില്‍ ഇന്നലെ നടന്നത്. വാദത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടറിയിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി എഴുന്നേറ്റ് നിന്നു. ഹാദിയയെ ആദ്യം കേള്‍ക്കുന്ന കാര്യത്തില്‍ എന്താണ് നിലപാടെന്ന് ചോദിച്ചപ്പോള്‍ എന്‍ഐഎയുടെയും അശോകന്റെയും വാദത്തെ പിന്തുണക്കുകയാണ് ചെയ്തത്. കേള്‍ക്കാനല്ലെങ്കില്‍ ഹാദിയയെ എന്തിനാണ് വിളിച്ച് വരുത്തിയതെന്നും രണ്ടര മണിക്കൂറായി തന്റെ നിലപാടറിയിക്കാനായി ഹാദിയ കാത്തിരിക്കുകയാണെന്നും വനിതാ കമ്മീഷന്റെ അഭിഭാഷകന്‍ അഡ്വ പി വി ദിനേശ് കോടതിയോട് പറഞ്ഞു. തുടര്‍ന്നാണ് കോടതി ഹാദിയയെ കേള്‍ക്കാന്‍ തയ്യാറായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com