ഹാദിയ കേസ്: സുപ്രിം കോടതി വിധിയുടെ പൂര്‍ണ രൂപം

എന്‍ഐഎ അന്വേഷണം നിയമപ്രകാരം തുടരുമെന്നും ഞങ്ങള്‍ വ്യക്തമാക്കുന്നു
ഹാദിയ കേസ്: സുപ്രിം കോടതി വിധിയുടെ പൂര്‍ണ രൂപം

ഹര്‍ജി ഭാഗത്തിനു വേണ്ടി കപില്‍ സിബല്‍, ഇന്ദിര ജയ്‌സിങ്, എന്‍ഐഎയ്ക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്, ഒന്നാം എതിര്‍കക്ഷിക്കു വേണ്ടി ശ്യാം ദിവാന്‍, ഏഴ്, എട്ട് എതിര്‍കക്ഷികള്‍ക്കു വേണ്ടി പിഎ നൂര്‍മുഹമ്മദ് എന്നിവരുടെ വാദങ്ങള്‍ കേട്ടു. 

2017 ഒക്ടോബര്‍ 30ലെ വിധിയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘമായിത്തന്നെ വാദങ്ങള്‍ കേട്ടു. മുന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെയും പിന്നീട് ഉയര്‍ത്തപ്പെട്ട വാദങ്ങളുടെയും അടിസ്ഥാനത്തില്‍ ഇങ്ങനെയൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നു. 

അഖില എന്ന ഹാദിയയുമായുള്ള സംഭാഷണം തുറന്ന കോടതിയില്‍ നടത്തരുതെന്നും അടച്ചിട്ട മുറിയില്‍ വേണമെന്നുമുള്ള അപേക്ഷ ഒന്നാം എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ മുന്നോട്ടുവച്ചു. അതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ പല തലങ്ങളിലേക്കു നീണ്ടു. എന്നാല്‍ അതില്‍ത്തന്നെ ചുറ്റിത്തിരിയാനോ നീട്ടിവയ്ക്കാനോ ഞങ്ങള്‍ താത്പര്യപ്പെട്ടില്ല. അഖില എന്ന ഹാദിയയുമായി ആശയവിനിമയം നടത്തുന്നതാണ് ഉചിതം എന്നാണ് കൂടിയാലോചനകള്‍ക്കു ശേഷം ഞങ്ങള്‍ തീരുമാനിച്ചത്. തുടര്‍ന്ന് കോടതിയില്‍ ആ ആശയവിനിയമം നടത്തി. അവര്‍ക്ക് ഇംഗ്ലിഷില്‍ ആശയവിനിമയം നടത്താനാവുമെങ്കിലും ആ ഭാഷയില്‍ ഫലപ്രദമായി പ്രകടിപ്പിക്കാനാവില്ലെന്നാണ് കോടതിയെ അറിയിച്ചത്. അതുകൊണ്ട് കോടതിയില്‍ ചോദിക്കുന്ന ചോദ്യങ്ങളും അവരുടെ മറുപടികളും പരിഭാഷപ്പെടുത്തുന്നതിന് കേരള സംസ്ഥാനത്തിനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയോട് അഭ്യര്‍ഥിച്ചു. 

വിദ്യാഭ്യാസ യോഗ്യതകള്‍, പഠനത്തിലെ താത്പര്യം, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, ഭാവിപരിപാടികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. കോട്ടയം ജില്ലയിലെ വൈക്കം, കെവി പുരത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പാസായി, തമിഴ്‌നാട്ടിലെ സേലത്തുള്ള ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍നിന്ന് ബിഎച്ച്എംഎസ് ചെയ്തു എന്നീ കാര്യങ്ങളാണ് ചോദ്യങ്ങള്‍ക്കു മറുപടിയായി അവര്‍ പറഞ്ഞത്. ചില കാരണങ്ങള്‍കൊണ്ട് ഇടയ്ക്കു വച്ച് ഉപേക്ഷിക്കേണ്ടി വന്ന ഇന്റേണ്‍ഷിപ്പ്/ഹൗസ്മാന്‍ഷിപ്പ് തുടരണമെന്നും തികവുള്ള ഹോമിയോപ്പതി ഡോക്ടര്‍ ആവണമെന്നും ആഗ്രഹമുണ്ടെന്ന് അവര്‍ പറഞ്ഞു. സീറ്റ് കിട്ടുകയാണെങ്കില്‍ ഹോസ്റ്റലില്‍ താമസിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമാണ് അവര്‍ മുന്നോട്ടുവച്ചത്. 

ഇതെല്ലാം കണക്കിലെടുത്ത്, അവരുടെ താത്പര്യം പോലെ തന്നെ, ഇന്റേണ്‍ഷിപ്പ്/ഹൗസ്മാന്‍ഷിപ്പ് തുടരുന്നതിന് അവരെ സേലത്തേക്ക് കൊണ്ടുപോവാന്‍ ഞങ്ങള്‍ ഉത്തരവിടുന്നു. അവരെ കോളജില്‍ പ്രവേശിപ്പിക്കുന്നതിനും ഇന്റേഷന്‍ഷിപ്പ് തുടരുന്നതിന് ഹോസ്റ്റലിലെ രീതി അനുസരിച്ച് മുറിയോ, പങ്കിട്ട് ഉപയോഗിക്കാവുന്ന മുറിയോ നല്‍കി താമസ സൗകര്യം ഒരുക്കുന്നതിനും ഞങ്ങള്‍ ഉത്തരവു നല്‍കുന്നു. പതിനൊന്നുമാസത്തോളമാണ് ഇന്റേണ്‍ഷിപ്പെന്ന് അവര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഔപചാരികതകള്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ കോളജ് യൂണിവേഴ്‌സിറ്റിയുമായി ആശയവിനിമയം നടത്തേണ്ടതും യൂണിവേഴ്‌സിറ്റ് അത് അനുവദിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശങ്ങള്‍ അതിന്റെ അന്തസ്സത്തയില്‍ പാലിക്കപ്പെടണം. ഹോസ്റ്റലില്‍ കഴിയുന്ന കാലത്ത് ഹോസ്റ്റല്‍ ചട്ടങ്ങള്‍ അനുസരിച്ച് മറ്റേതൊരു വിദ്യാര്‍ഥിയെയും പോലെയാണ് അവരെ കണക്കാക്കേണ്ടതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. ആവശ്യമെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനും ഹോസ്റ്റലിനും വേണ്ട ചെലവുകള്‍ കേരള സംസ്ഥാനം വഹിക്കണം. ഇതുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള ഏതു പ്രശ്‌നത്തിനും കോളജ് ഡീനിന് ഈ കോടതിയെ സമീപിക്കാവുന്നതാണ്. ഏതു പ്രശ്‌നവും എന്നതിന് ഹോസ്റ്റല്‍ പ്രവേശനമെന്നോ കോഴ്‌സ് പൂര്‍ത്തിയാക്കല്‍ എന്നോ അര്‍ഥമില്ല.

എത്രയും വേഗം അവരെ സേലത്ത് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ കേരള സംസ്ഥാനത്തോട് ഞങ്ങള്‍ ഉത്തരവിടുന്നു. യൂണിഫോമില്‍ അല്ലാത്ത വനിതാ പൊലീസ് കൂടെ മതിയെന്ന അപേക്ഷ അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനം ഇതു പരിഗണിക്കണം. എന്തെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രാദേശികമായി വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണം. ഇപ്പോള്‍ അവര്‍ ന്യൂഡല്‍ഹിയിലെ കേരള ഭവനില്‍ കഴിയുകയാണെന്നാണ് അറിയിച്ചിട്ടുള്ളത്. സേലത്തേക്കു പോവും വരെ അവിടെ തുടരാന്‍ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വി ഗിരി ഉറപ്പുനല്‍കിയിട്ടുണ്ട്.

എന്‍ഐഎ അന്വേഷണം നിയമപ്രകാരം തുടരുമെന്നും ഞങ്ങള്‍ വ്യക്തമാക്കുന്നു. 

കേസ് ജനുവരി മൂന്നാംവാരത്തില്‍ പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com