മുസ്ലിം ലീഗ് നേതാവിനെ പ്രശംസിച്ച് മന്ത്രി കെ.ടി. ജലീല്‍; 'കരുണാര്‍ദ്രനായ പിതാവിന്റെ ദയാലുവായ മകനാണ് മുനവ്വറലി'

സയ്യീദ് മൊഹമ്മദലി ശീഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ സയ്യീദ് മുനവ്വറലി തങ്ങളാണ് ജലീലിന്റെ പ്രശംസയേറ്റുവാങ്ങിയത്
മുസ്ലിം ലീഗ് നേതാവിനെ പ്രശംസിച്ച് മന്ത്രി കെ.ടി. ജലീല്‍; 'കരുണാര്‍ദ്രനായ പിതാവിന്റെ ദയാലുവായ മകനാണ് മുനവ്വറലി'

മിഴ്‌നാട് സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച മുസ്ലീം ലീഗ് നേതാവിന്റെ മഹാമനസ്‌കതയെ നിറഞ്ഞ് പ്രശംസിച്ച് മന്ത്രി കെ.ടി. ജലീല്‍. സയ്യീദ് മൊഹമ്മദലി ശീഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ സയ്യീദ് മുനവ്വറലി തങ്ങളാണ് ജലീലിന്റെ പ്രശംസയേറ്റുവാങ്ങിയത്. കുവൈറ്റില്‍ വധശിക്ഷ കാത്ത് കഴിയുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനെ രക്ഷിക്കുന്നതിനായി മുനവ്വറലി നടത്തിയ ഇടപെടലാണ് മന്ത്രിയുടെ മനസ് നിറച്ചത്. കരുണാര്‍ദ്രനായ പിതാവിന്റെ ദയാലുവായ മകനാണ് മുനവ്വറലിയെന്ന് ഈ സല്‍പ്രവര്‍ത്തിയിലൂടെ അദ്ദേഹം തെളിയിച്ചെന്നും പത്രക്കുറിപ്പിലൂടെ കെ.ടി. ജലീല്‍ പറഞ്ഞു. 

കുവൈറ്റില്‍ വെച്ച് മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുന് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമെന്ന വിവരം കിട്ടിയതോടെ അര്‍ജുന്റെ ഭാര്യ മാലതി അതിനായി ശ്രമിക്കുകയായിരുന്നു. നിര്‍ധനരായ മലപ്പുറം സ്വദേശിയുടെ കുടുംബം ഇതിനായി 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

 ഇത്രയും പണം നല്‍കാന്‍ കഴിയാതെ കഷ്ടപ്പെട്ട മാലതിക്ക് മുവ്വറലി 25 ലക്ഷം രൂപയാണ് സുഹൃത്തുക്കളില്‍ നിന്നു മറ്റുമായി സ്വരൂപിച്ച് നല്‍കിയത്. ഇത്തരത്തിലൊരു മാതൃകാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുനവ്വറലി തങ്ങളേയും അദ്ദേഹത്തിന്റെ കൂടെ നിന്ന പട്ടര്‍കടവന്‍ കുഞ്ഞാനും മകന്‍ റഹീമും എന്‍.എ. ഹാരിസും മാളയിലെ എ.എംപി. ഫൗണ്ടേഷനും സാലിം മണി എക്‌സിചേഞ്ചും പേര് പറയാന്‍ ആഗ്രഹിക്കാത്ത എല്ലാ സുമനസ്സുകളേയും അദ്ദേഹം അഭിനന്ദിക്കുന്നത്. ഇതിനൊപ്പം മാപ്പ് എഴുതിക്കൊടുത്ത ആളുടെ കുടുംബത്തേയും അദ്ദേഹം അഭിനന്ദിച്ചു. 

ഇതേ പ്രമേയം ചര്‍ച്ചചെയ്ത കമലിന്റെ പെരുമഴക്കാലം എന്ന സിനിമയേയും അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. ആ സിനിമയുടെ തുടര്‍ച്ചപോലെ തോന്നിപ്പിക്കുന്നതാണ് മാലതിയുടേയും മകള്‍ പൂജയുടേയും കദനകഥയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഷാര്‍ജ ജയിലില്‍ നിന്ന് 149 ഇന്ത്യന്‍ തടവുകാര്‍ മോചിപ്പിക്കപ്പെട്ട സംഭവത്തിന് ശേഷം മനസ്സില്‍ കുളിര്‍മഴ പെയ്ത അനുഭവമാണ് ഈ വാര്‍ത്ത വായിച്ചപ്പോഴുണ്ടായത്. മലപ്പുറത്തിന്റെ സൗമനസ്യം ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ സംഭവം നിമിത്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com