മാവേലി മന്ത്രി മാത്രമല്ല ഇ.ചന്ദ്രശേഖരന്‍ നായര്‍ 

നാല് പതിറ്റാണ്ടോളം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച ഇ ചന്ദ്രശേഖരന്‍ നായരെ സഹകരണ ബാങ്കിങ് രംഗത്തെ കുലപതിയായി വേണം വിശേഷിപ്പിക്കാന്‍. 
മാവേലി മന്ത്രി മാത്രമല്ല ഇ.ചന്ദ്രശേഖരന്‍ നായര്‍ 

കേരളത്തിലെ മാവേലി മന്ത്രി എന്നാണ് അന്തരിച്ച സിപിഐ നേതാവ് ഇ.ചന്ദ്രശേഖന്‍ നായരുടെ വിളിപ്പേര്. ഓണച്ചന്തകളുടെയും മാവേലി സ്‌റ്റോറുകളുടെയും തുടക്കം അദ്ദേഹത്തിന്റെ ഭരണമികവിന്റെ പ്രതീകമായിരുന്നു എന്നതാണ് അത്തരമൊരു വിളിപ്പേര് വരാന്‍ കാരണം. കച്ചവടക്കാരുടെ പകല്‍ക്കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് സര്‍ക്കാര്‍ നേരിട്ട് കമ്പോളത്തില്‍ ഇടപെടണമെന്ന് അദ്ദേഹം എടുത്ത ശക്തമായ തീരുമാനമായിരുന്നു ഓണചന്തകള്‍ തുടങ്ങുന്നതിനും അതിന് പിന്നാലെ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നതിനും കാരണമാത്. ഇത് അദ്ദേഹത്തിന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ വിജയമായി അടയാളപ്പെടുത്തപ്പെട്ടു. 

നാല് പതിറ്റാണ്ടോളം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച ഇ ചന്ദ്രശേഖരന്‍ നായരെ സഹകരണ ബാങ്കിങ് രംഗത്തെ കുലപതിയായി വേണം വിശേഷിപ്പിക്കാന്‍. കേരളത്തില്‍ ഇന്ന് കാണുന്ന സഹകരണ ബാങ്കിങ് മേഖലയുടെ ശ്രദ്ധേയമായ പല നേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. 

1957 മുതല്‍ മൂന്ന് പതിറ്റാണ്ടുകാലം കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം 1969 മുതല്‍ അഞ്ച് വര്‍ഷക്കാലം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു. 1973 മുതല്‍ 1980 ല്‍ മന്ത്രിയാവും വരെ സംസ്ഥാന സഹകരണത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ ആള്‍ ഇന്ത്യ സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്റെ ചെയര്‍മാന്‍, നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ വൈസ് പ്രസിഡന്റ്, പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സിന്റെ കേന്ദ്രകമ്മിറ്റി അംഗം, റസര്‍വ് ബാങ്കിന്റെ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്) രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ഇ ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു.

സഹകരണ സംഘങ്ങളെ സഹകരണബാങ്കായി ഉയര്‍ത്തി സഹകരണബാങ്കിങ് മേഖലയ്ക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. 

സംസ്ഥാനത്തിന്റെ ഗ്രാമീണ വികസനത്തില്‍ അതിപ്രധാനമായ പങ്ക് വഹിക്കുന്ന ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ ഇ ചന്ദ്രശേഖരന്‍ നായരുടെ സംഭാവനയാണ്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ചന്ദ്രശേഖരന്‍ നായര്‍ ചെയര്‍മാനായി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഇത് ഉണ്ടായത്.

സംസ്ഥാനത്തിന്റെ കാര്‍ഷികോല്‍പ്പാദന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് രൂപം നല്‍കിയത്. ചന്ദ്രശേഖരന്‍ നായര്‍ നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ കോഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്.

വിദേശ സഞ്ചാരത്തിന് പോകാത്ത ഏക ടൂറിസം മന്ത്രിയായി ഇ. ചന്ദ്രശേഖരന്‍ നായരെ കാലം അടയാളപ്പെടുത്തുന്നു. 1996ല്‍ മന്ത്രിയായപ്പോള്‍ ടൂറിസം വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ കേരളത്തെ വ്യക്തമായി അടയാളപ്പെടുത്തിയ കാലഘട്ടമാണ് അത്. ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ ഒരുതവണപോലും വിദേശ പട്യനം നടത്താന്‍ അദ്ദേഹം തയ്യാറായില്ല. പകരം കേരളത്തിലിരുന്ന് സംസ്ഥാന ടൂറിസത്തെ ആഗോള തലത്തില്‍ അംഗീകരിപ്പിക്കാനായിരുന്നു ശ്രമം. അതില്‍ പൂര്‍ണമായും വിജയിക്കാനും ചന്ദ്രശേഖന്‍ നായര്‍ക്ക് കഴിഞ്ഞിരുന്നു. 

ഇന്ത്യയിലും വിദേശത്തുമുള്ള മാധ്യമങ്ങളില്‍ കേരള ടൂറിസത്തെക്കുറിച്ച് പരസ്യങ്ങള്‍ നല്‍കിക്കൊണ്ടായികുന്നു തുടക്കം. പപ്രസിദ്ധ ക്യാമറ മാനും സംവിധായകനുമായ സന്തോഷ് ശിവനെക്കൊണ്ട് കേരളത്തിെേന്റ ദൃശ്യഭംഗി ചിത്രീകരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാനപ്പെട്ട വിദേശ മാസികകളുടെ ലേഖകരെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. ലോകത്തു കണ്ടിരിക്കേണ്ട 50 മനോഹരതീരങ്ങളില്‍ ഒന്നായി കേരളം നാഷനല്‍ ജ്യോഗ്രഫിക് ട്രാവലര്‍ മാഗസിനില്‍ സ്ഥാനം പിടിച്ചു. മികച്ച ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ഇക്കാലയളവില്‍ കേരള ടൂറിസത്തിനു ലഭിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com