കടലില്‍ കുടുങ്ങി കിടക്കുന്നത് 250ഓളം പേര്‍; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം 

കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഓഖീ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുന്നു
കടലില്‍ കുടുങ്ങി കിടക്കുന്നത് 250ഓളം പേര്‍; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം 

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഓഖീ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുന്നു. രാത്രിയോടെ കാറ്റ് കേരള തീരം വിടും. മണിക്കൂറില്‍ 130 കിലോമീറ്ററായി ശക്തി പ്രാപിച്ച കാറ്റ് തെക്കന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. വരുന്ന ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ മന്ത്രാലം. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഇതുവരെ 8മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നാലുപേരും കേരളത്തില്‍നാലുപേരുമാണ് മരിച്ചത്. ശ്രീലങ്കയിലും നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ബുധനാഴ്ച രാത്രിയാണ് കനത്ത മഴ തുടങ്ങിയത്. കനത്ത കാറ്റോടുകൂടിയ മഴ ഇതുവരേയും നിലച്ചിട്ടില്ല. 

പൂന്തുറയില്‍ നിന്ന്  മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ക്രൈസിസ് മാനേജ്‌മെന്റ് സമയബന്ധിതമായി ഇടപെടുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരച്ചില്‍ നടത്താന്‍ കൊച്ചിയില്‍ നിന്ന് എല്ലാ സംവിധാനങ്ങളുമുള്ള കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകള്‍ക്ക് പുറമേ നാവിക സേനയുടെ ഈ നാലു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. 

 നേവിയുടെ ഒരു ഹെലികോപ്റ്ററും എയര്‍ ക്രാഫ്റ്റും അന്വേഷണം നടത്തുന്നുണ്ട്. എയര്‍ ഫോഴ്‌സിന്റെ  ഒരു എയര്‍ ക്രാഫ്റ്റും അന്വേഷണ സംഘത്തിനൊപ്പം ചേരും. 250ഓളം വരുന്ന മത്സ്യബന്ധന തൊഴിലാളികള്‍ തിരുവനന്തപുരത്തിന്റെ
വിവിധ തീരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പൂന്തുറയില്‍ നിന്ന് 150പേര്‍, വിഴിഞ്ഞത്തുനിന്ന് അമ്പതോളംപേര്‍, അടിമലത്തുറയില്‍ നിന്ന് 42പേരും കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം എന്ന് മന്ത്രി സ്ഥിരീകരിച്ചു. 

അപകട സാധ്യത കണക്കിലെടുത്ത് തീരദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. 

തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപകമായ നാശനഷ്ടവും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യുന്നു. അച്ചന്‍കോവില്‍ മുതലത്തോട് വനമേഖലയിലും അമ്പൂരിയിലും ഉരുള്‍ പൊട്ടലുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com