ചുഴലിക്കാറ്റ് : പടയൊരുക്കം സമാപനസമ്മേളനം മാറ്റിവെച്ചു 

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രമേശ് ചെന്നിത്തല
ചുഴലിക്കാറ്റ് : പടയൊരുക്കം സമാപനസമ്മേളനം മാറ്റിവെച്ചു 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം മാറ്റിവെച്ചു. കനത്ത മഴയും ചുഴലിക്കാറ്റിനെയും തുടര്‍ന്നാണ് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പടയൊരുക്കം സമാപനസമ്മേളനം മാറ്റിവെച്ചത്. പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്താണ് പരിപാടി മാറ്റിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് മാത്രമാകും പുതിയ തീയതി പ്രഖ്യാപിക്കുകയുള്ളൂ. ഇതിനായി രാഹുലുമായി കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടു. എന്നാല്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. രാഹുലിന്റെ സമയം സംബന്ധിച്ച് രാത്രിയോടെ അറിയിക്കാമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നും അറിയിപ്പ് ലഭിച്ചതെന്നാണ് സൂചന. 

നേരത്തെ മോശം കാലാവസ്ഥ കണക്കിലെടുത്ത് ശംഖുമുഖത്ത് നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് സമാപന സമ്മേളന വേദി മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനുള്ള അസൗകര്യം പ്രശ്‌നമായി. തുടര്‍ന്നാണ് രാഹുലിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് മറ്റൊരു ദിവസം പരിപാടി നടത്താന്‍ തീരുമാനിച്ചത്. 

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്, അദ്ദേഹത്തിന്റെ സുരക്ഷാചമതലയുള്ള എസ്പിജിയാണ് അനുമതി നല്‍കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ രാഹുലിന് എസ്പിജി സന്ദര്‍ശനാനുമതി നല്‍കില്ലെന്നാണ് സൂചന. 
രാഹുല്‍ ഗാന്ധിയില്ലാതെ സമാപന സമ്മേളനം നടത്തുന്നതിനോട് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ മിക്ക നേതാക്കള്‍ക്കും താല്‍പ്പര്യമില്ല. അതു കൂടി പരിഗണിച്ചാണ് തീരുമാനം. 

രാഹുല്‍ ഗാന്ധിയ്ക്ക് പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണിയും സമാപന ചടങ്ങില്‍ സംബന്ധിക്കില്ല. ബുധനാഴ്ച വൈകീട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആന്റണിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയ അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന റാലിയോടെ സമാപന സമ്മേളനം ഇടതു സര്‍ക്കാരിനെതിരായ പ്രക്ഷോഭ വേദിയാക്കാനായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കളെല്ലാം സമാപന സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെ നവംബര്‍ ഒന്നിനാണ് രമേശ് ചെന്നിത്തല പടയൊരുക്കം ജാഥ ആരംഭിച്ചത്.  

തിരുവനന്തപുരത്തിന് 70 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റ്. നേരത്തെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ ശക്തമായ കാറ്റ് വീശുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ കാറ്റിന് ശക്തിയേറുന്നതായും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ ശക്തിയാകുമെന്നുമാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് അടുത്ത 12 മണിക്കൂര്‍ വരെ നീണ്ടു നിന്നേക്കാമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com