ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം; സൈന്യത്തിന്റെ സഹായം തേടി 

ശക്തമായ കാറ്റിനേയും മഴയേയും തുടര്‍ന്ന് സംസ്ഥാനത്ത് പതിനൊന്ന് ട്രെയിനുകള്‍ റദ്ദാക്കി
ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം; സൈന്യത്തിന്റെ സഹായം തേടി 

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസുമദ്രത്തില്‍ കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയില്‍ നാശം വിതയ്ക്കുന്നു. മണിക്കൂറില്‍ 75കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ കാറ്റിനേയും മഴയേയും തുടര്‍ന്ന് സംസ്ഥാനത്ത് പതിനൊന്ന് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ട്രിച്ചി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും തിരുനല്‍വേലിക്കുമിടയില്‍ പിടിച്ചിട്ടു. കൊല്ലം-കന്യാകുമാരി മെമു, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. കൊല്ലം-ചെന്നൈ എഗ്മോര്‍ എക്‌സപ്രസ് തിരുവനന്തപുരത്തു നിന്നാകും പുറപ്പെടുക. 

പാറശാലയില്‍ സ്‌കൂള്‍ ഉപജില്ലാ കലോത്സവത്തിന്റെ വേദികള്‍ തകര്‍ന്നുവീണു. അമ്പൂരിയില്‍ വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. അച്ചന്‍കോവില്‍ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. കന്യാകുമാരിയില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പൊന്‍മുടിയില്‍ റോഡിന് കുറുകെ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. എഴുപതംഗ ദുരന്ത നിവാരണ സേന കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. സുനാമി സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍:

1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്.
2. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക.
3. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകല്‍ സമയത്തു സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുക. 


മറ്റു പ്രധാന നിര്‍ദേശങ്ങള്‍:

1. പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ഡിസിട്രിക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇന്ന് രാത്രി ഡെപ്യൂട്ടി കലക്ടര്‍,ഡിഎംഎഡിഎമ്മിന്റെ സാന്നിധ്യം ഉണ്ടാകണം.
2. ഈ ജില്ലകളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഈ ജില്ലകളിലെ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണം.
3. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആവശ്യമെങ്കില്‍ സ്‌കൂള്‍ കോളജുകള്‍ക്ക് അവധി നല്‍കാവുന്നതാണ്.
4. ഇലട്രിക് കട്ടര്‍, മണ്ണു നീക്കുന്ന യന്ത്രം എന്നിവ ആവശ്യമെങ്കില്‍ വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികളോടു ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് ആവശ്യപ്പെടുക.
5. പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം ജില്ലകളിലെ എല്ലാ സ്‌കൂളുകളുടെയും താക്കോല്‍ അതതു വില്ലേജ് ഓഫിസര്‍മാര്‍ വാങ്ങി സൂക്ഷിക്കുക.
6. തിരുവനന്തപുരം ജില്ലയില്‍ ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ഒരു താലൂക്കില്‍ രണ്ടു ബസ് എങ്കിലും കരുതുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com