അഞ്ചല്‍ പീഡനം: കുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി: നിഷ്‌ക്രിയരായി പൊലീസ്

കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്ന് അമ്മ ആരോപിച്ചു
അഞ്ചല്‍ പീഡനം: കുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി: നിഷ്‌ക്രിയരായി പൊലീസ്

കൊല്ലം: അഞ്ചലില്‍ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ അമ്മയേയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്ന് അമ്മ ആരോപിച്ചു. മൃതദേഹം വീട്ടിനു സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് സംസ്‌കരിച്ചത്. 

ഇവര്‍ വഴിവിട്ട് ജീവിക്കുന്നവരാണെന്ന് ആരോപിച്ചാണ് നാടുകടത്തല്‍. നാട്ടില്‍ എത്തിയാല്‍ കൊല്ലുമെന്നും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് നാട്ടുകാര്‍ ഇവരെ കയ്യേറ്റാന്‍ ചെയ്യാന്‍ ശ്രമിച്ചതും അസഭ്യം പറഞ്ഞതും. ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 

നിലവില്‍ പെണ്‍കുട്ടിയുടെ കുടുംബം നാട്ടുകാരെ ഭയന്ന് മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഏകദേശം അന്‍പതില്‍ അധികം ആളുകള്‍ ചേര്‍ന്ന് തങ്ങളെ ആക്രമിച്ചെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ തന്നെ താമസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാട്ടുകാര്‍ സദാചാര പൊലീസ് ചമയുകയാണ്. ശ്രീലക്ഷ്മിയുടെ അമ്മയും കുടുംബവും അവരുടെ സ്വന്തം വീട്ടില്‍ തന്നെ ജീവിക്കും. ഇതിനെ ഒരു  വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുകയാണെന്ന്് സാമൂഹികപ്രവര്‍ത്തക ധന്യ രാമന്‍ പറഞ്ഞു.
 

അതേസമയം കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധമാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് സിപിഎം പ്രാദേശികനേതാവ് അഫ്‌സല്‍ പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രാജേഷിന്റെ ക്രിമിനല്‍ പശ്ചാത്തലം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. കുട്ടിയുടെ മരണശേഷം കുട്ടിയുടെ വീട്ടുകാരുടെ ചില പ്രതികരണങ്ങള്‍ നാട്ടുകാരെ പ്രകോപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com