കണ്ണൂര്‍ അതീവ ജാഗ്രതയില്‍; 22 ഡിഎസ്പി 800 പൊലീസുകാരെ വിന്യസിച്ചു; കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ഇന്ന്‌ 

കണ്ണൂരില്‍ മാത്രമായി 22 ഡിഎസ്പിമാരെയും 800 പൊലീസുകാരെയും വിന്യസിച്ചതായി കണ്ണൂര്‍  എസ്പി -   അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും
കണ്ണൂര്‍ അതീവ ജാഗ്രതയില്‍; 22 ഡിഎസ്പി 800 പൊലീസുകാരെ വിന്യസിച്ചു; കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ഇന്ന്‌ 

കണ്ണൂര്‍: എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് രാവിലെ പത്തുമണിക്ക് കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് അരംഭിക്കും. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നിന്നും ബിജെപി ജാഥ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ് പൊലീസ്.

രണ്ടാഴ്ച നീളുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വനിര്‍വഹിക്കും.  കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി തുടങ്ങിയ നിരവധി ദേശീയ സംസ്ഥാന നേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അമിത് ഷാ, യാത്രയുടെ ഭാഗമായി രണ്ട് ദിവസം കണ്ണൂരിലെ ജാഥയില്‍ പങ്കാളിയാകുന്ന സാഹചര്യത്തില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നീക്കം. മറ്റ് ജില്ലകളില്‍ ജാഥ ഒരു ദിവസം കൊണ്ടാണ് പര്യടനം നടത്തുന്നതെങ്കില്‍ നാലു ദിവസമാണ് കണ്ണൂരില്‍ ജാഥയുടെ പര്യടനം.

കണ്ണൂരില്‍ മാത്രമായി 22 ഡിഎസ്പിമാരെയും 800 പൊലീസുകാരെയും വിന്യസിച്ചതായി കണ്ണൂര്‍ എസ്പി അറിയിച്ചു. ആക്രമണ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ എസ്പി, കണ്ണൂരും കാസര്‍ഗോഡും പരമാവധി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസിനെ വിന്യസിക്കുന്നതെന്ന് അറിയിച്ചു. ജാഥ പോകുന്ന വഴികള്‍ നിരീക്ഷിക്കാനായി മൂന്ന് ഡിഎസ്പിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ കണ്ണൂരില്‍ സിപിഎം ബിജെപി ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിരുന്നു. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് ആര്‍എസ്എസ് ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാര്‍ എത്തുന്ന സാഹചര്യത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സുരക്ഷായ്ക്കായി ഉണ്ടാകുമെന്നും എസ്പി അറിയിച്ചു 

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ പോരാടുക എന്നാണ് ബിജെപിയുടെ ആഹ്വാനം.ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും രാജ്യത്തെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും വിവിധ ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എംപി, റിച്ചാര്‍ഡ് ഹേ എംപി, മനോജ് തിവാരി എംപി, വി.മുരളീധരന്‍, എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍, ബി.എല്‍.സന്തോഷ് തുടങ്ങിയവര്‍ സംബന്ധിക്കും.ഉദ്ഘാടന വേദിക്ക് സമീപം മാര്‍ക്‌സിസ്റ്റ്-ജിഹാദി അക്രമത്തിന്റെ നേര്‍കാഴ്ചകള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശിനി അമിത്ഷാ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുമ്പ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ സംഘ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവന്‍ ബലിയാടാക്കപ്പെട്ടവരുടെ ഛായാചിത്രങ്ങളില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.

രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങളും കണ്ണൂര്‍ ജില്ലയില്‍ വ്യാപകമാണ് എന്നാണ് ബിജെപിയുടെ വാദം. മതതീവ്രവാദ സംഘടനയായ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കേന്ദ്രമായി കണ്ണൂര്‍ ജില്ല മാറിയിട്ട് കാലമേറെയായി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കണ്ണൂര്‍ സിറ്റി, കൂടാളി, ചക്കരക്കല്ല് തുടങ്ങിയ പ്രദേശങ്ങളാണ് ഐഎസ് റിക്രൂട്ട്‌മെന്റിന്റെ മുഖ്യ കേന്ദ്രങ്ങളാണെന്നും ബിജെപി ആരോപിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേര്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com