രണ്ടു ദിവസംകൊണ്ട് 5 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ കേരളമാണോ യുപിയെ മാതൃകയാക്കേണ്ടത്?  കെ.കെ ശൈലജ

വിശ്വപ്രസിദ്ധമായ കേരളത്തിന്റെ മാനവ വികസന സൂചികകളെക്കുറിച്ച് അങ്ങേയ്ക്കറിയുമോ എന്നറിയില്ല, മുന്‍പിലൊരു കമ്പ്യൂട്ടറുണ്ടെങ്കില്‍ അതിന്റെ കീബോര്‍ഡില്‍ വിരലുകളൊന്നമര്‍ത്തിയാല്‍ മതി
രണ്ടു ദിവസംകൊണ്ട് 5 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ കേരളമാണോ യുപിയെ മാതൃകയാക്കേണ്ടത്?  കെ.കെ ശൈലജ

കേരളത്തിലെ ആരോഗ്യമേഖല ഉത്തര്‍പ്രദേശിനെ മാതൃകയാക്കണം എന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഉത്തര്‍പ്രദേശിനെക്കുറിച്ച് ആദിത്യനാഥിന് അറിയാത്ത ചില കാര്യങ്ങള്‍ പറഞ്ഞുതരാമെന്നും ഈ യുപി യെ ആണോ രണ്ടു ദിവസം കൊണ്ട് ഏതാണ്ട് 5 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ഞങ്ങളുടെ കേരളം മാതൃകയാക്കണമെന്ന് താങ്കള്‍ പറയുന്നതും ശൈലജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. 

അന്ധരായ മനുഷ്യര്‍ ആനയെ തൊട്ട് അതിന്റെ രൂപം മനസ്സിലാക്കാന്‍ ശ്രമിച്ചൊരു കഥയുണ്ട്. ചെവിയില്‍ തൊട്ടവര്‍ പറഞ്ഞു ആന മുറം പോലെയാണെന്ന്. വാലില്‍ തൊട്ടവര്‍ പറഞ്ഞു ആന ചൂലു പോലെയാണെന്ന്. ബി ജെ പി നേതാക്കന്‍മാരുടെ, (അതിപ്പോള്‍ കേരളത്തിനകത്തുള്ളവരായാലും കണക്കു തന്നെ ) കേരളത്തെക്കുറിച്ചുള്ള പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക ഈ കഥയാണ്. അവര്‍ അന്ധത നടിക്കുകയാണോ എന്നത് വേറെ ചോദ്യം. എന്നാല്‍, അവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവരെല്ലാം അതിശയം കൊണ്ട് മൂക്കത്ത് വിരല്‍ വച്ചു പോകും. കേരളത്തിന്റെ ആരോഗ്യമേഖല തന്റെ സംസ്ഥാനത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രിയാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്.

അദ്ദേഹം വെറുമൊരു ബിജെപി നേതാവായിരുന്നെങ്കില്‍ ആ വഴിയ്ക്ക് പോട്ടെ എന്നു വയ്ക്കാമായിരുന്നു. അതിനൊക്കെ മറുപടി കൊടുക്കാന്‍ നിന്നാല്‍ മറ്റൊരു ജോലിയ്ക്കും സമയം കിട്ടില്ല. പക്ഷേ, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഇവിടെ വന്ന് മലയാളികളെ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് അപമാനിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മന്ത്രി എന്ന നിലയില്‍ എനിയ്ക്ക് പറയാനുള്ളത്, ശ്രീ ആദിത്യനാഥ് അദ്ദേഹം ഇരിക്കുന്ന പദവിയേയും അതിനോടുള്ള ഉത്തരവാദിത്വത്തേയും ബഹുമാനിക്കണമെന്നാണ്. ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കാനുള്ള മാന്യത കാണിക്കണമെന്നാണ്.

കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ അറിവില്ലായ്മ ആണെന്നു മനസ്സിലാക്കാം. എന്നാല്‍ താന്‍ ഭരിക്കുന്ന സ്വന്തം പ്രദേശത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് അറിയില്ല എന്നത് ഭരണാധികാരിയായി തുടരാനുള്ള അദ്ദേഹത്തിന്റെ അര്‍ഹതെയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ഇന്ത്യയിലേറ്റവും മോശം അവസ്ഥ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. അങ്ങയ്ക്കറിയില്ലെങ്കില്‍ പറയട്ടെ:
പകരുന്നതും അല്ലാത്തതുമായ മിക്കവാറും എല്ലാ വ്യാധികളും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന സംസ്ഥാനമാണ് യുപി. ടൈഫോയ്ഡ് മൂലം ഇന്ത്യയിലുണ്ടാകുന്ന മൊത്തം മരണങ്ങളുടേയും 48% യുപിയിലാണ്. കാന്‍സര്‍ മരണങ്ങളുടെ 17% വും താങ്കളുടെ സംസ്ഥാനത്താണ് സംഭവിക്കുന്നത്.

ആസ്സാം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാതൃമരണ നിരക്ക് യുപിയിലാണ്. താങ്കളുടെ സംസ്ഥാനത്ത് 62% ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അവരുടെ ഗര്‍ഭധാരണ കാലത്ത് ആധുനികവൈദ്യ സഹായം ലഭ്യമല്ല എന്നു പഠനങ്ങള്‍ പറയുന്നു. 42% സ്ത്രീകളും സ്വന്തം വീടുകളിലാണ് പ്രസവിക്കുന്നത് എന്ന് താങ്കള്‍ക്കറിയാമോ? ഞങ്ങള്‍ മലയാളികള്‍ക്ക് അതു കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

ഏറ്റവും കൂടുതല്‍ ശിശുമരണ നിരക്ക് ഉള്ള സംസ്ഥാനം യു പി യാണ്. ഈ അടുത്ത കാലത്ത് ഒരു മാസത്തിനിടയിലല്ലെ 85 പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞ് മരിച്ചത്. യുപിയിലെ ഏതാണ്ട് പകുതി കുഞ്ഞുങ്ങള്‍ക്കും വാക്‌സിനേഷന്‍ ലഭിക്കുന്നില്ല എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ യുപി യെ ആണോ രണ്ടു ദിവസം കൊണ്ട് ഏതാണ്ട് 5 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ഞങ്ങളുടെ കേരളം മാതൃകയാക്കണമെന്ന് താങ്കള്‍ പറയുന്നത്?!

2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം യുപിയിലെ ജനസംഖ്യ 25% വര്‍ദ്ധിച്ചപ്പോള്‍, പബ്ലിക് ഹെല്‍ത്ത് സെന്ററുകളുടെ എണ്ണം 8% കുറഞ്ഞു! 31037 സബ്‌സെന്ററുകളും, 5172 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും, 1293 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും താങ്കളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്താന്‍ ആവശ്യമാണത്രേ! താങ്കള്‍ അതറിഞ്ഞു കാണാന്‍ സാധ്യതയില്ലാത്തതു കൊണ്ടു, അവിടത്തെ സാധാരണ മനുഷ്യര്‍ക്കു വേണ്ടി, എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ആയിരത്തില്‍ 64 കുഞ്ഞുങ്ങള്‍ താങ്കളുടെ നാട്ടില്‍ മരിക്കുമ്പോള്‍ അതില്‍ 10 ല്‍ താഴെ കുട്ടികള്‍ പോലും മരിക്കാത്ത കേരളത്തെ ഉപദേശിക്കാനുള്ള അങ്ങയുടെ അറിവില്ലായ്മ ഓര്‍ത്ത് എനിയ്ക്ക് സഹതാപം തോന്നുന്നു. അങ്ങയുടെ ഭരണത്തിനു കീഴില്‍ കഴിയേണ്ടി വരുന്ന മനുഷ്യരെയോര്‍ത്ത് എനിയ്ക്കു വിഷമം തോന്നുന്നു.

കേരളത്തെക്കുറിച്ച് ഞാന്‍ അധികം പറയുന്നില്ല. വിശ്വപ്രസിദ്ധമായ കേരളത്തിന്റെ മാനവ വികസന സൂചികകളെക്കുറിച്ച് അങ്ങേയ്ക്കറിയുമോ എന്നറിയില്ല, മുന്‍പിലൊരു കമ്പ്യൂട്ടറുണ്ടെങ്കില്‍ അതിന്റെ കീബോര്‍ഡില്‍ വിരലുകളൊന്നമര്‍ത്തിയാല്‍ മതി.

എനിയ്ക്കു പറയാനുള്ളത് താങ്കള്‍ക്കു കേരളത്തിലെ ആരോഗ്യ സംവിധാനത്തില്‍ നിന്നൊരുപാടു പഠിക്കാനുണ്ട് എന്നാണ്. അതിനായി ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. യുപിയിലെ ജനങ്ങള്‍ക്കു വേണ്ടി അങ്ങയെ സഹായിക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളു. കെ.കെ ശൈലജ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com