ലോകകപ്പ് മത്സരം അഞ്ച് മണിക്ക്:  മൂന്ന് മണിക്ക് ശേഷം ഹര്‍ത്താല്‍ ഒഴിവാക്കി ചെന്നിത്തലയുടെ സഹായം

13ാം തീയതിയിലെ ഹര്‍ത്താലില്‍ നിന്ന് എറണാകുളം ജില്ലയെ വൈകുന്നേരം മൂന്നു മണിമുതല്‍ ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവ്
ലോകകപ്പ് മത്സരം അഞ്ച് മണിക്ക്:  മൂന്ന് മണിക്ക് ശേഷം ഹര്‍ത്താല്‍ ഒഴിവാക്കി ചെന്നിത്തലയുടെ സഹായം

കൊച്ചി: 13ാം തീയതിയിലെ ഹര്‍ത്താലില്‍ നിന്ന് എറണാകുളം ജില്ലയെ വൈകുന്നേരം മൂന്നു മണിമുതല്‍ ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് മത്സരം നടക്കുന്നതിനാലാണ് ജില്ലയെ മൂന്നുമണി മുതല്‍ ഒഴിവാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് ഗിനിയയും ജര്‍മനിയും തമ്മിലുള്ള ആദ്യ മത്സരം നടക്കുന്നത.്  സ്‌പെയിനും കൊറിയും തമ്മിലാണ് രണ്ടാമത്തെ മത്സരം. 

ലോകകപ്പ് മത്സരം നടക്കുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച നടപടിക്കെതിരെ കനത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടിക്കറ്റ് എടുത്തവര്‍ കളികാണാന്‍ എങ്ങനെയെത്തുമെന്ന ആശങ്കയിലാണ്. 

ലോകഫുട്‌ബോളിലെ മുന്‍നിര ടീകമുകളുടെ ഇളമുറസംഘം കൊച്ചിയിലെത്തിയതോടെ കൊച്ചിയിലെ ഫുട്‌ബോള്‍ ആവേശം ഉച്ചസ്ഥായിലായിട്ടുണ്ട്. ഇതിനകം തന്നെ കൊച്ചിയിലെത്തിയ ടീമുകളുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഹര്‍ത്താല്‍ നിയന്ത്രണബില്‍ പ്രഖ്യാപനം നടത്തിയ രമേശ് ചെന്നിത്തല യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് തന്നെ അപഹാസ്യമാണെന്നാണ് കളി ആരാധകര്‍ പറയുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടത്തുന്ന 'വണ്‍ മില്യണ്‍ ഗോള്‍' പരിപാടിയുടെ ഉദ്ഘാടനവേളയില്‍  മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗോളടിക്കാനും ചെന്നിത്തലയുണ്ടായിരുന്നു. അതേ ചെന്നിത്തല തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ചിലര്‍ പറയുന്നു. ആദ്യമായിട്ടാണ് കേരളം ഫിഫ അണ്ടര്‍ 17 മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഇത് കായിക ചരിത്രത്തില്‍ രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com