അമിത് ഷാ അപ്രതീക്ഷിതമായി പിന്‍വാങ്ങി; 'നനഞ്ഞ പടക്കമായി' പിണറായിയിലെ പദയാത്ര

ആദ്യദിനം ജാഥയില്‍ പങ്കെടുത്ത് അപ്രതീക്ഷിതമായി ഡല്‍ഹിയിലേക്കു മടങ്ങിയ അമിത് ഷാ പിണറായിയിലെ യാത്രയ്ക്കായി തിരിച്ചെത്തിയില്ല
ജനരക്ഷാ യാത്ര (ആദ്യ ദിവസത്തെ ചിത്രം)
ജനരക്ഷാ യാത്ര (ആദ്യ ദിവസത്തെ ചിത്രം)

കണ്ണൂര്‍: ജനരക്ഷാ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ സിപിഎം കേന്ദ്രമായ പിണറായിയിലെ പദയാത്രയില്‍നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍വാങ്ങി. ആദ്യദിനം ജാഥയില്‍ പങ്കെടുത്ത് അപ്രതീക്ഷിതമായി ഡല്‍ഹിയിലേക്കു മടങ്ങിയ അമിത് ഷാ പിണറായിയിലെ യാത്രയ്ക്കായി തിരിച്ചെത്തിയില്ല. വൈകിട്ട് തലശ്ശേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുന്നില്ല.

ജനരക്ഷാ യാത്രയിലെ ഏറ്റവും സുപ്രധാന ഭാഗമായി ബിജെപി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലുടെയുള്ള പദയാത്രയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലവും മുഖ്യമന്ത്രിയുടെ നാടുമായ പിണറായിയിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അമിത് ഷാ എത്തില്ലെന്നും വൈകിട്ടത്തെ പൊതു സമ്മേളനത്തിലും അദ്ദേഹം ഉണ്ടാവില്ലെന്നും യാത്രയ്ക്കു നേതൃത്വം നല്‍കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഡല്‍ഹിയില്‍ സുപ്രധാനമായ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതുണ്ട് എന്നതിനാലാണ് ഷാ എത്താത്തതെന്നും കുമ്മനം പറഞ്ഞു.

യാത്ര ഉദ്ഘാടനം ചെയ്ത് ആദ്യ ദിനം പങ്കെടുത്തതിനു ശേഷം അമിത് ഷാ അപ്രതീക്ഷിതമായി ഡല്‍ഹിക്കു മടങ്ങുകയായിരുന്നു. കണ്ണൂരിലെ യാത്രയ്ക്കു ശേഷം ഷാ മംഗലാപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമെന്നും തിരിച്ചെത്തി പിണറായിയിലെ യാത്രയോടൊപ്പം ചേരുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഷാ മടങ്ങിയതിന് പാര്‍ട്ടി വിശദീകരണമൊന്നും നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ഷാ എത്താത്തത് എന്ന് അറിയില്ലെന്നാണ് മംഗലാപുരത്തെ ബിജെപി നേതാക്കള്‍ അറിയിച്ചത്. ഷാ ഇല്ലാത്തതിനാല്‍ അവര്‍ പരിപാടി തന്നെ മാറ്റിവച്ചിരുന്നു. 

മമ്പറത്ത് നിന്ന് ആരംഭിച്ച് പിണറായി വഴി തലശേരി വരെ എത്തുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായി അമിത് ഷാ രാവിലെ പത്ത് മണിയോടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചതിന് പിന്നാലെ പിണറായിയിലൂടെ അമിത് ഷാ പദയാത്രയ്ക്കിറങ്ങുന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ നോക്കിക്കണ്ടത്. സിപിഎം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പദയാത്രയ്ക്ക് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആര്‍എസ്എസുകാരെ ഇറക്കിയാല്‍ ഇവിടെ ഒരു ചുക്കും സംഭവിക്കില്ലെന്നും, ഇങ്ങനെ ജാഥ നടത്തിയും നേതാക്കന്‍മാരെ എഴുന്നള്ളിച്ചും ഞങ്ങളെ വിരട്ടിക്കളയാമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com