കേരള കോണ്‍ഗ്രസ് നിലപാടു തള്ളി പിജെ ജോസഫ് യുഡിഎഫ് സമര വേദിയില്‍; പ്രതികരിക്കാതെ കെഎം മാണി

യുഡിഎഫുമായി അകലം പാലിക്കാനുള്ള ചരല്‍ക്കുന്നു തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് നിലപാടു തള്ളി പിജെ ജോസഫ് യുഡിഎഫ് സമര വേദിയില്‍; പ്രതികരിക്കാതെ കെഎം മാണി

തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഔദ്യോഗിക നിലപാടു തള്ളി മുതിര്‍ന്ന നേതാവ് പിജെ ജോസഫ് യുിഎഫിന്റെ രാപകല്‍ സമര വേദിയില്‍. തൊടുപുഴയില്‍ നടന്ന സമരത്തിലാണ് ജോസഫ് പങ്കെടുത്തത്. ജോസഫ് യുഡിഎഫ് സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി നേതാവ് കെഎം മാണി വിസമ്മിതിച്ചു. അതേസമയം മാണിയുടെ മകന്‍ കൂടിയായ എംപി ജോസ് കെ മാണി ജോസഫിനെ തള്ളി രംഗത്തുവന്നു.

പ്രതിപക്ഷത്തിരിക്കുമ്പോഴും സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികളില്‍ യുഡിഎഫിനോടു സഹകരിക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോണ്‍ഗ്രസ് സഭയ്ക്കകത്തെ  പ്രക്ഷോഭങ്ങളിലും യുഡിഎഫിനോടു ചേരാറില്ല. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന്റെ അഭ്യര്‍ഥന മാനിച്ച് കെഎം മാണി ലീഗ് സ്ഥാനാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലീഗ് സ്ഥാനാര്‍ഥികള്‍ക്കുള്ള പിന്തുണയാണെന്നും യുഡിഎഫിനുള്ള പിന്തുണയായി കാണേണ്ടെന്നുമായിരുന്നു മാണി വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ അപ്രതീക്ഷിതമായാണ് പാര്‍ട്ടി നേതാവ് പിജെ ജോസഫ് യുഡിഎഫിന്റെ സമരവേദിയില്‍ എത്തിയത്. ജോസഫിനെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ജോസഫ് എത്തിയപ്പോള്‍ പ്രസംഗിച്ചുകൊണ്ടിരുന്ന നേതാവിന്റെ പ്രസംഗം അവസാനിപ്പിച്ച് ജോസഫിനു സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയതു. തുടര്‍ന്ന് ജോസഫ് യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

ജോസഫ് യുഡിഎഫ് സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ കെഎം മാണി വിസമ്മതിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും മാണി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. എന്നാല്‍ ജോസഫിനെ തള്ളി ജോസ് കെ മാണി രംഗത്തുവന്നു. യുഡിഎഫുമായി അകലം പാലിക്കാനുള്ള ചരല്‍ക്കുന്നു തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. 

ജോസഫ് യുഡിഎഫ്  വേദിയില്‍ എത്തിയത് കേരള കോണ്‍ഗ്രിസും യുഡിഎഫിലും പുതിയ ചര്‍ച്ചയ്ക്കു വഴി വച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com