ഒരു സമുദായത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ അല്ല ഭരണഘടന സ്ത്രീയുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നത്: മുഹമ്മദ് മുഹ്‌സിന്‍  

ഹാദിയ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ വ്യക്തിസ്വാതന്ത്ര്യം എന്നതിനേക്കാള്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് വഴിയൊരുക്കിയിരിക്കുന്നത്
ഒരു സമുദായത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ അല്ല ഭരണഘടന സ്ത്രീയുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നത്: മുഹമ്മദ് മുഹ്‌സിന്‍  

ഹാദിയ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ വ്യക്തിസ്വാതന്ത്ര്യം എന്നതിനേക്കാള്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് വഴിയൊരുക്കിയിരിക്കുന്നതെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. ഹാദിയയെ കൂട്ടിലടക്കുന്ന അഛന്റെ മനസികാവസ്ഥ മനോരോഗപരമാണെന്നും മുഹ്‌സിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഒരു സമുദായത്തിന്റെയും പ്രോപ്പര്‍ട്ടി തര്‍ക്കം അല്ല വ്യക്തിസ്വാതന്ത്ര്യം എന്നും ഒരു സമുദായത്തിന്റെയും 'അഭിമാനം' (honor) സംരക്ഷിക്കാന്‍ അല്ല ഭരണഘടന സ്ത്രീ എന്ന പൗരയുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നത് എന്നും ആവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന സുപ്രീംകോടതി വിധി ഈ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതായിരിക്കും എന്നു പ്രതീക്ഷിക്കാം.
ഹാദിയയെ കൂട്ടിലടക്കുന്ന അഛന്റെ മനസികാവസ്ഥ മനോരോഗപരമാണ്. ഈ സമൂഹം എപ്പോഴും പുരുഷ കേന്ദ്രീകൃതമായത് കൊണ്ട് സ്ത്രീയെ പ്രോപര്‍ട്ടിയായിക്കണ്ട് അവളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന മനോഭാവം ചില ന്യായാധിപരിലും അവരുടെ വിധികളിലും കാണുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി സമരം തുടരുക തന്നെ വേണം. പക്ഷേ അതു തന്റെ മകള്‍/മകന്‍ അവളുടെ ഇഷ്ടം തെരഞ്ഞെടുക്കുമ്പോള്‍ അവസാനിക്കുന്ന സ്വാതന്ത്ര്യ ബോധമാകരുതെന്നു മാത്രം. 

എന്നാല്‍ ഹാദിയ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ വ്യക്തിസ്വാതന്ത്ര്യം എന്നതിനേക്കാള്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് വഴിയൊരുക്കിയിരിക്കുന്നത്. മതം മാറ്റലും, തിരിച്ചുമാറ്റലുമായി രണ്ടുകൂട്ടരും ഇതിനായി നന്നായി ഉല്‌സാഹിക്കുന്നുമുണ്ട്. മതം മാറി വിവാഹം കഴിക്കലും, മതം മാറലും കേരളത്തില്‍ പുതിയതൊന്നുമല്ല. ഒറ്റപ്പെട്ടതും, കൂട്ടമായതുമായ മതം മാറ്റം കേരളത്തിന്റെ ചരിത്രത്തില്‍ അങ്ങോളമിങ്ങോളം കാണാന്‍ കഴിയും. പക്ഷെ അന്ന് ഇല്ലാതിരുന്ന ഒന്ന് ഇന്നുണ്ട്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘടനകളുടെ ഇടപെടല്‍. ഹാദിയ കേസില്‍ സംഭവിച്ചിരിക്കുന്നത് ഇതാണ്. വ്യക്തിസ്വാതന്ത്ര്യവും, അഭിപ്രായസ്വാതന്ത്ര്യം ഒക്കെ ഇത്തരക്കാര്‍ക്ക് ഇതിനുള്ള ഒരു പുകമറയാണ്. ഞങ്ങളോടൊപ്പം നിന്നില്ലെങ്കില്‍ നിങ്ങള്‍ എതിര്‍ചേരിയില്‍ ആണെന്ന രീതിയിലാണ് രണ്ടു കൂട്ടരും കാര്യങ്ങളെ നോക്കിക്കാണുന്നത്. സുടാപ്പി, സംഘി ചേരികള്‍ക്ക് അപ്പുറത്ത് ആര്‍ക്കും സ്വതന്ത്രമായ അഭിപ്രായം ഉണ്ടാകാന്‍ പാടില്ലെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമുണ്ട്. 

ഉദാഹരണത്തിന് സഖാവ് എം. സ്വരാജ് പറഞ്ഞത് തന്നെ നോക്കാം. എല്ലാത്തരത്തിലും ഉള്ള 'സംഘടിതമായ' മതം മാറ്റവും പ്രശ്‌നമാണ് എന്ന് പറഞ്ഞപ്പോള്‍ സ്വരാജ് സംഘിയായി. ജമാഅത്തെ ഇസ്ലാമിയുടെ ചാനലിന്റെ അഭിപ്രായമല്ല എന്റേത് എന്ന് പറഞ്ഞപ്പോളും സ്വരാജ് സംഘിയായി. എന്ന് വെച്ചാല്‍ സ്വരാജിന് അഭിപ്രായം പറയാം പക്ഷെ അത് ഞങ്ങളുടേത് ആയിരിക്കണം എന്ന നിലപാട് ആണ് ഒരു കൂട്ടര്‍ സ്വീകരിച്ചത്. ഇനി വേറൊരു ഉദാഹരണം നോക്കാം. തലശ്ശേരി കലാപത്തെ തടഞ്ഞു നിര്‍ത്തിയ, സംഘപരിവാര്‍ രാഷ്ട്രീയത്തെ ഊണിലും ഉറക്കത്തിലും എതിര്‍ക്കുന്ന മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ഇവര്‍ക്ക് സംഘിയാണ്. സംഘികള്‍ക്ക് പിണറായി സുടാപ്പി ആണെന്ന കാര്യവും നമ്മള്‍ മറക്കരുത്.

നജീബ് വിഷയത്തില്‍ എനിക്ക് സ്വന്തമായ അഭിപ്രായം പറയേണ്ടി വന്നപ്പോഴും ഇതേ അവസ്ഥയാണ് ഉണ്ടായത്. ഞങ്ങളുടേതായ അഭിപ്രായവും നയവും അല്ലാത്തത് ആരും പറയാന്‍ പാടില്ല എന്ന ഒരു തരം നിര്‍ബന്ധബുദ്ധി ഇത്തരക്കാര്‍ക്കുണ്ട്. ഇവര്‍ തന്നെയാണ് വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നത് എന്നോര്ക്കണം. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തി സ്വാതന്ത്ര്യത്തേക്കാള്‍ എന്തുകൊണ്ടും വലുതാണ് സമുദായങ്ങളുടെ ഒത്തൊരുമ. അത് കൊണ്ട് തന്നെ ഞാന്‍ കാരണം ഒരു സാമൂദായിക കലാപം, അല്ലെങ്കില്‍ ചേരിതിരിവ് ഉണ്ടാകും എന്ന അവസ്ഥ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ എന്റെ വ്യക്തി സ്വാതന്ത്ര്യത്തേക്കാള്‍ ആ ചേരിതിരിവ് ഇല്ലായ്മ ചെയ്യുന്നതിനായിരിക്കും മുന്‍തൂക്കം കൊടുക്കുക. പക്ഷെ ഹാദിയ കേസില്‍ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഈ ചേരി തിരിവ് നിലനിര്‍ത്തുന്നത് രാഷ്ട്രീയ പരമായ മുതലെടുപ്പിന് വേണ്ടി മാത്രമാണ്. ഇടതുപക്ഷ ജിഹാദികള്‍ക്കെതിരെ എന്ന് പറഞ്ഞു അമിത്ഷായുടെയും, യോഗിയുടെയും നേതൃത്വത്തില്‍ സംഘപരിവാര്‍ കേരളത്തില്‍ നടത്തുന്ന യാത്ര ഇതിന്റെ മറ്റൊരു വശമാണ്. ഒരുകൂട്ടര്‍ക്ക് ഇടതുപക്ഷ ജിഹാദികള്‍ മറ്റൊരു കൂട്ടര്‍ക്ക് ഇടതുപക്ഷ സംഘികളാകുന്നു. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. ഇന്നല്ലെങ്കില്‍ നാളെ ഇത്തരം മുതലെടുപ്പ് നടത്തുന്ന ആളുകളെ ഇവര്‍ തിരിച്ചറിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com