ബാലികയ്ക്ക് ചികിത്സ നിഷേധിച്ച സംഭവം: ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നിഷേധിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോ.ഗംഗ, ഡോ. ലേഖ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്
image
image

തിരുവനന്തപുരം: പത്തനംതിട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നിഷേധിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോ.ഗംഗ, ഡോ. ലേഖ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മനുഷ്യത്വരഹിതമായ വീഴ്ചയാണെന്നാണ് കണ്ടെത്തല്‍.


ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് പരിശോധിച്ച് അന്വേഷണ വിധേയമായി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംസ്ഥാനത്തിനൊട്ടാകെ അപമാനകരവും ദൗര്‍ഭാഗ്യവുമാണ്. സാമൂഹ്യ പ്രതിബദ്ധതയോടുകൂടി ആതുരസേവനം നടത്തുന്ന ഒരു സംസ്‌കാരമാണ് കേരളത്തിനുണ്ടായിരുന്നത്. ആ സംസ്‌കാരത്തിനാണ് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുകയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുന്ന ഈ സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ നിസ്സാരമായി തള്ളിക്കളയാനാവില്ലെന്നും നിരുത്തരവാദിത്വപരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെതന്നെ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലമാണ് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കുന്നത്. നിലവിലുള്ള മെഡിക്കോലീഗല്‍ പരിശോധനകള്‍ വഴി ശേഖരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പലപ്പോഴും അപര്യാപ്തമാകുന്ന സാഹചര്യമുണ്ട്. ഗൗരവമേറിയ ഈ പ്രശ്‌നം പരിഹരിച്ച് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീക്ക് ആവശ്യമായ മുഴുവന പരിശോധനകളും നടത്തി സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയവും കുറ്റമറ്റതുമായ തെളിവ് ശേഖരണത്തിനായി സേഫ് കിറ്റ് കേരളത്തില്‍ നടപ്പിലാക്കുകയുണ്ടായി. ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാമ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത്. തെളിവുകള്‍ നശിച്ചുപോകരുത് എന്ന ഉദ്ദേശത്തിന്റെ ഭാഗമായിട്ടാണ് സേഫ് കിറ്റ് നടപ്പാക്കുന്നത്. അത്രപോലും സ്ത്രീകളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാറിന്റെ നയം പോലും മനസിലാക്കാതെ മുന്‍കാലങ്ങളിലെ പോലെതന്നെ ചില ഡോക്ടര്‍മാര്‍ പെരുമാറുകയാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ സാമൂഹ്യമനോഭാവം കാണിക്കാന്‍ ഡോക്ടര്‍ക്ക് സാധിക്കണം. 

പീഡനത്തിനിരയായ കുട്ടിക്ക് പരിശോധന നിഷേധിച്ചത് ന്യായീകരിക്കാനാവില്ല. പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടാകുമ്പോള്‍ തെളിവ് നശിച്ചുപോകരുത് എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച സര്‍ക്കാരാണിത്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാതിരിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ഇത് ഒരിക്കലും ഗവഃ അംഗീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ഒന്നാകെ ശ്രമിക്കുമ്പോള്‍ ആ ദൗത്യം നിറവേറ്റാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ ഒന്നാകെ ഏറ്റെടുക്കണം. ഇത്തരം സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്കെതിരെ നിലകൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വാകരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com