ക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ക്ക് തിരികെ നല്‍കണം; അബ്രാഹ്മണരെ ശാന്തിക്കാരാക്കിയതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മാപ്പ് പറയണമെന്നും നമ്പൂതിരി യോഗക്ഷേമ സഭ

ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമതല ദേവസ്വം ബോര്‍ഡ് തിരിച്ചു നല്‍കണം
ക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ക്ക് തിരികെ നല്‍കണം; അബ്രാഹ്മണരെ ശാന്തിക്കാരാക്കിയതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മാപ്പ് പറയണമെന്നും നമ്പൂതിരി യോഗക്ഷേമ സഭ

ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ചായിരുന്നു 36 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരായി നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിര്‍ദേശം കേരള സമൂഹം സ്വീകരിച്ചത്. എന്നില്‍ അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ തലപൊക്കി തുടങ്ങി. 

ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമതല ദേവസ്വം ബോര്‍ഡ് തിരിച്ചു നല്‍കണമെന്നാണ് നമ്പൂതിരി യോഗക്ഷേമ സഭ നിലപാടെടുത്തിരിക്കുന്നത്. ബ്രാഹ്മണര്‍ക്ക് ക്ഷേത്രങ്ങളുടെ ചുമതല നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗക്ഷേമ സഭ പറയുന്നു. 

കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബ്രാഹ്മണ വിശ്വാസ പ്രകാരമുള്ള ആചാരങ്ങളാണ് പിന്തുടരുന്നത്. ഇതില്‍ ഭൂരിഭാഗം ക്ഷേത്രങ്ങളും ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അധീനയിലാണ്. അബ്രാഹ്മണരെ ഈ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമിച്ചത് ക്ഷേത്രാചാരാങ്ങളെ ലംഘിക്കലാണെന്നും സഭ വാദിക്കുന്നു. 

ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും ദേവസ്വംബോര്‍ഡും വിശ്വാസികളോട് മാപ്പ് പറയണം. 
നിലപാട് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പൂജാകര്‍മങ്ങളില്‍ നിന്നും നമ്പൂതിരി വിഭാഗം വിട്ടുനില്‍ക്കും. വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നിന്നിട്ടുള്ള നമ്പൂതിരി സമുദായം പൂജാകര്‍മങ്ങളില്‍ നിന്നും വിട്ട് നിന്നുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മടിക്കില്ലെന്നും നമ്പൂതിരി യോഗക്ഷേമ സഭ വ്യക്തമാക്കുന്നു. 

36 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തതില്‍ ആറുപേര്‍ ദളിത് വിഭാഗത്തില്‍പെടുന്നവരാണ്. പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com